കൊയിലാണ്ടി കൊല്ലത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് നാല് പേര്‍ക്ക്, അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍


കൊയിലാണ്ടി: കൊല്ലത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലം ടൗണ്‍ മുതല്‍ പാറപ്പള്ളി ഭാഗം വരെയുള്ള സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നാല് പേര്‍ക്കാണ് കടിയേറ്റത്. ഇല്ലത്ത് ആലിക്കുട്ടി, അബ്ദുള്‍ അസീസ്, രാവിലെ ജോലിക്ക് പോവുകയായിരുന്ന കൊല്ലം സ്വദേശി, ഒരു വിദ്യാര്‍ത്ഥി എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്നലെ അതിരാവിലെയാണ് ആലിക്കുട്ടിയ്ക്ക് കാലിന് കടിയേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഒരാഴ്ചയായി അതിരാവിലെയും രാത്രിയുമാണ് നായയുടെ ആക്രമണം രൂക്ഷമെന്ന് വാര്‍ഡ് മെമ്പര്‍ ഫക്രൂദ്ദീന്‍ കൊയിലാണ്ടി ന്യൂസ ്‌ഡോട് കോമിനോട് പറഞ്ഞു.

രാവിലെ കൊല്ലം ജുമാമസ്ജിദ് പള്ളിയ്ക്ക് സമീപവും നായക്കളുടെ ശല്യം രൂക്ഷമാണ്. രാവിലെ റോഡരികില്‍ കൂട്ടമായാണ് നായക്കള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആക്രമിക്കുന്നത് ഇവ ഒറ്റയ്ക്ക് വന്നാണ്. ഇതുവഴി രാവിലെ മദ്രസയിലും സ്‌കൂളിലും പോകുന്ന നിരവധി വിദ്യാര്‍ത്ഥികളാണുള്ളത്. പല തവണ ഇവര്‍ക്കുനേരെ കടിക്കാനായി നായ പാഞ്ഞടുത്തിട്ടുമുണ്ട്.


രാത്രി ബെക്കില്‍ യാത്ര ചെയ്യുന്നവരെയും കടിക്കുവാനായി പിറകെ വരാറുണ്ടെന്നും പ്രദേശവാസിയായ നവാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരുതവണ കൊല്ലം ജുമാമസ്ജിദ് പരിസരത്തു വെച്ചും ഇറുംകാട്ടിലെ ഇടുവയില്‍ വെച്ചും മാണ് നവാസിന് നേരെ തെരുവുനായ ആക്രമിക്കാന്‍ വന്നത്.

കൊയിലാണ്ടി നഗരസഭയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും റസിഡന്‍സ് അസോസിയേഷനുകളും സംഭവത്തില്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ ഫക്രുദ്ദീന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തെരുവു നായ്ക്കളുടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.