പി.വി.സത്യനാഥന്റെ കൊലപാതകം: പ്രതിയ്ക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക.

അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷിന്റെ മൊഴി. പി.വി.സത്യന്‍ തന്നെ മനപൂര്‍വ്വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമാണ് അഭിലാഷ് മൊഴി നല്‍കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പുറമേ മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്.

ക്ഷേത്രത്തില്‍ സത്യനാഥന്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മദ്യപിച്ച് കത്തിയുമായി പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കഴുത്തില്‍ ഇരുവശത്തും കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ആക്രമിച്ചത്. കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിന്‍വശത്തെ മതില്‍ചാടി റോഡിലിറങ്ങി. കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീല്‍ടെക് റോഡ് വഴി കൊയിലാണ്ടിയിലെത്തി. രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വരുന്ന വഴിയില്‍ നാലുപേര്‍ തന്നെ കണ്ടതായും അഭിലാഷ് പൊലീസിനോട് പറഞ്ഞു.

റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അഭിലാഷ് കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്നും മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയുള്ള കറുത്ത പിടിയിലുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പില്‍ നിന്ന് കണ്ടെത്തിയത്.

കോവിഡിന് ശേഷം ഒന്നരവര്‍ഷം ഗള്‍ഫിലായിരുന്നു. അവിടെ നിന്ന് വരുമ്പോള്‍ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. കൊലപാതകം നടത്താന്‍ ക്ഷേത്രം തെരഞ്ഞെടുത്തത് എന്തിനാണെന്ന ചോദ്യത്തിന് പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്തുവെന്നായിരുന്നു മറുപടി. തന്റെ വീടിന് മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അഭിലാഷ് മൊഴി നല്‍കി.

കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പേരാമ്പ്ര, വടകര ഡി.വൈ.എസ്.പിമാരടക്കം 14 പേരാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്.