പുറക്കാട് ശാന്തി സദനം സ്കൂൾ കെട്ടിടം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു; വികസന പദ്ധതി പ്രഖ്യാപനം നടത്തി എം.എ.യൂസഫലി
തിക്കോടി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പുറക്കാട് ശാന്തിസദനം സ്കൂളിന്റെ കെട്ടിടോദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി. ശാന്തിസദനം വികസന പദ്ധതി പ്രഖ്യാപനം പ്രമുഖ വ്യവസായി എം.എ.യൂസഫലി ലണ്ടനിൽ നിന്ന് ഓൺലൈനായി നിർവ്വഹിച്ചു.
പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ ഇനി മുതല്‍ നടത്തുന്ന പുതിയ നിര്‍മ്മാണങ്ങള്‍ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് വികസന പ്രവര്‍ത്തനങ്ങളും ഭിന്നശേഷിക്കാരെയും കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടതെന്നും ഇക്കാര്യത്തില്‍ പൊതുസമൂഹവും ഏറെ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തി സദനം വിദ്യാർത്ഥികൾ ചൊല്ലിയ ചടങ്ങിൽ ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷഫീഖ് വടക്കയില്‍, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ നായര്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്.കെ.കെ, ജില്ലാ ആസൂത്രണസമിതി അംഗം വി.പി.ഇബ്രാഹിം കുട്ടി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുല്‍കിഫില്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വി.ഇ.സി.ടി ചെയർമാൻ ഹബിബ് മസ്ഊദ് സ്വാഗതവുംജനറൽ കൺവീനർ എം.ടി.ഹമീദ് നന്ദിയും പറഞ്ഞു.