സമരസമിതി നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക; മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി പുറക്കാമല സംരക്ഷണ സമിതി
മേപ്പയൂര്‍: പുറക്കാമലയിലെ കരിങ്കല്‍ ഖനന നീക്കത്തിനെതിരെ പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ച് പുറക്കാമല സംരക്ഷണ സമിതി. ചെറുവണ്ണൂര്‍ റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മേപ്പയൂര്‍ ഗവ. ആശുപത്രിക്ക് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു.
കഴിഞ്ഞ ദിവസം സമരത്തിനിടെ 15 വയസുകാരനായ വിദ്യാര്‍ഥിയെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയതില്‍ നടപടി സ്വീകരിക്കുക, സമരസമിതി നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, അനധികൃത റെയ്ഡ് നടത്തിയവര്‍ക്കെതിരെ നടപടി കൈകൊള്ളുക, സമരസമിതി നല്‍കിയ എല്ലാ പരാതികളിലും അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ. ലത്തീഫ്, ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ലോഹ്യ, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത്, പഞ്ചായത്തംഗം സെറീന ഒളോറ, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എ.കെ.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം അഷിത നടുക്കാട്ടില്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വി.എ. ബാലകൃഷ്ണന്‍, കീഴ്‌പ്പോട്ട് മൊയ്തി,നാരായണന്‍ മേലാട്ട്, ഇസ്മയില്‍ കമ്മന, എം.കെ മുരളീധരന്‍, മുബഷീര്‍ ചെറുവണ്ണൂര്‍, ഇല്ലത്ത് അബ്ദുള്‍ റഹിമാന്‍, വി.പി. മോഹനന്‍, വി.അസമിനാര്‍, കെ. മനു, നൗഷാദ് വാളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: purakamala-protection-committee-holds-protest-march-to-meppayur-police-station.