മേൽപ്പാലത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടായാലും പൊയിൽകാവിലെത്താം; പുനത്തും പടിക്കൽ ക്ഷേത്രം റെയിൽവേ ഗേറ്റ് റോഡ് നവീകരിച്ചു 


ചെങ്ങോട്ടുകാവ്: നവീകരിച്ച പുനത്തും പടിക്കൽ ക്ഷേത്രം റെയിൽവേ ഗേറ്റ് റോഡിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ നിർവഹിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും പന്തലായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും റോഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു. ചെങ്ങോട്ട്കാവ് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സന്നിഹിതനായിരുന്നു.

റെയിൽവേ ഗേറ്റിൽ നിന്നാരംഭിച്ച് ആലുള്ള കണ്ടിമുക്ക് വരെയാണ് റോഡ് നവീകരിച്ചത്. പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്നാണ് റോഡ് റീടാർ ചെയ്ത് ​ഗതാ​ഗത യോ​ഗ്യമാക്കിയതെന്ന് വാർഡ് മെമ്പർ രമേശൻ കിഴക്കയിൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദേശീയപാതയിലെ മേൽപ്പാലത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടായാൽ പൊയിൽകാവിലേക്ക് എത്തിച്ചേരാനുള്ള ബദൽ റോഡായും ഇതിനെ ഉപയോ​ഗിക്കാം. പുനത്തും പടിക്കൽ ക്ഷേത്രം, കൂവത്താംവീട് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും റോഡ് നവീകരിച്ചതോടെ സു​ഗമമായി യാത്ര ചെയ്യാം.

ചടങ്ങിൽ വാർഡ് മെമ്പർ രമേശൻ കിഴക്കയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മേലൂർ ഡിവിഷൻ മെമ്പർ ഇ.കെ ജുബീഷ് സ്വാഗതവും  വാർഡ് വികസന സമിതി അംഗം വി.വി ഗംഗാധരൻ നന്ദിയും പറഞ്ഞു