വണ്ടിയില്‍ എണ്ണയില്ലേ, ഒരുതുള്ളി പെട്രോളും ഡീസലും കോഴിക്കോട് ജില്ലയില്‍ കിട്ടില്ല; വൈകുന്നേരം നാലുമുതല്‍ ആറുവരെ ജില്ലയിലെ പമ്പുകള്‍ അടച്ചിടുന്നു


കോഴിക്കോട്: ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടാന്‍ തീരുമാനം. വൈകുന്നേരം നാലുമുതല്‍ ആറുമണിവരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. പെട്രോളിയം അസോസിയേഷന്‍ ഡീലര്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഡീലര്‍മാര്‍ക്ക് ഇന്ധനം എത്തിച്ചുനല്‍കുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക് ഇന്ധനം എത്തിച്ചുനല്‍കുന്ന ലോറി ഡ്രൈവര്‍ക്ക് 300രൂപ ചായക്കാശായി കൊടുക്കാറുണ്ട്. ഇത് ഉയര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍മാര്‍ ഉന്നയിച്ചിരുന്നു.

അസോസിയേഷന്‍ ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഈ തുക തന്നെ നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പമ്പുടമകള്‍. ഇന്ന് എലത്തൂര്‍ എച്ച്പിസി.എല്‍ അധികൃതര്‍ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചു. ഈ ചര്‍ച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെ സമരം പ്രഖ്യാപിക്കുകയായിരുന്നു.