കിണർ കുഴിച്ചെടുത്ത മണൽ സമീപത്തുതന്നെ കൂട്ടിയിട്ടു, മഴയിൽ ഒലിച്ചിറങ്ങി; പുളിയഞ്ചേരിയിൽ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു


കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് കൊയിലാണ്ടി ന​ഗരസഭയിലെ അഞ്ചാം വാർഡിൽ നിർമ്മാണത്തിലിരുന്ന പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. രാരോത്ത് ഭാ​ഗത്ത് നിർമ്മാണത്തിലിരുന്ന കിണറാണ് ഭാ​ഗികമായി തകർന്നത്. തുടർച്ചയായി പെയ്ത മഴയിൽ സമീപത്ത് കൂട്ടിയിട്ടിരുന്ന മണ്ണും കിണറിലേക്ക് ഒലിച്ചിറങ്ങി. ഇന്നലെയായിരുന്നു സംഭവം.

സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് കൊയിലാണ്ടി ന​ഗരസഭയാണ് പൊതുകിണർ നിർമ്മിക്കുന്നത്. കിണർ കുഴിച്ച ശേഷം പടവുകൾ ചെങ്കല്ലുകൊണ്ട് കെട്ടുന്ന പ്രവൃത്തി പുരോ​ഗമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് താത്ക്കാലികമായി പ്രവൃത്തി നിർത്തിവെച്ചതിനാൽ വൻദുരന്തം ഒഴിവായി.

രാരോത്ത് രാജാകൃഷ്ണനാണ് മൂന്ന് സെന്റ് സ്ഥലം കിണർ നിർമ്മാണത്തിനായി വിട്ടു നൽകിയത്. 9.80 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് കിണർ നിർമ്മിക്കുന്നത്. കിണർ കുഴിച്ചപ്പോൾ കിണറിൽ നിന്നെടുത്ത മണ്ണ് സമീപത്തെ തന്നെയാണ് നിക്ഷേപിച്ചിരുന്നത്. മഴ കനത്തതോടെ സമീപത്തെ മണ്ണ് കിണറിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തിരുന്നു. ഇതും കിണർ ഇടിഞ്ഞു താഴുന്നതിന് കാരണമായതായി ആരോപണമുണ്ട്.

മഴ ശമിച്ചശേഷം കിണറിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് നീക്കം ചെയ്താലാണ് പ്രവൃത്തി പുനരാരംഭിക്കാൻ സാധിക്കുകയെന്ന് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായി നിജില പറവക്കൊടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: A public well collapsed in Koyilandy