നിസഹായരാണെന്ന് പറഞ്ഞ് നിയമപാലകരും കയ്യൊഴിയുന്നു; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍, വാഗാഡ് ലോറികള്‍ കൊയിലാണ്ടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമാംവിധം കുതിപ്പ് തുടരുമ്പോഴും നോക്കുകുത്തിയായി നിയമസംവിധാനങ്ങള്‍
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ കമ്പനിയായ വാഗാഡിന്റെ അശ്രദ്ധകാരണം കൊയിലാണ്ടിയില്‍ ജീവന്‍പൊലിയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നിയമലംഘനങ്ങളോട് കണ്ണടച്ച് അധികൃതര്‍. ഏറ്റവും ഒടുവിലായി മരുതൂര്‍ സ്വദേശിയായ തെക്കെ മഠത്തില്‍ കല്ല്യാണിയാണ് വാഗാഡിന്റെ അശ്രദ്ധയ്ക്ക് ഇരയായിരിക്കുന്നത്. ഇപ്പോഴും നടപടികള്‍ അശ്രദ്ധമായി വണ്ടിയോടിച്ച് അപകടം വരുത്തിയതിന് 304എ പ്രകാരമുള്ള വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒതുങ്ങി.
2022 ആഗസ്റ്റ് 30ന് തിക്കോടി പാലൂരില്‍ മത്സ്യവില്‍പ്പനക്കാരന്റെ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടം, ഈ വര്‍ഷം ജനുവരിയില്‍ കൊല്ലം പെട്രോള്‍ പമ്പിന് സമീപത്ത് ബൈക്ക് യാത്രികന് ഇടിച്ചിട്ടത്, ഇക്കഴിഞ്ഞ ജൂണില്‍ കൊയിലാണ്ടി മുത്താമ്പി റോഡില്‍ കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും തകര്‍ത്തുള്ള യാത്രയ്ക്കിടെ റോഡിലുണ്ടായിരുന്ന ബൈക്ക് യാത്രികരെ പരിക്കേല്‍പ്പിച്ചത് അങ്ങനെ മനുഷ്യര്‍ക്ക് അപകടം സംഭവിച്ചതും അല്ലാത്തതുമായ നിരവധി അപകടങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വാഗാഡ് കൊയിലാണ്ടിയിലും പരിസരത്തുമുണ്ടാക്കിയത്.
മേല്‍പ്പറഞ്ഞ അപകടങ്ങളിലൊന്നും തന്നെ അപകടം നടന്നയുടന്‍ വാഹനം നിര്‍ത്താനോ പരിക്കേറ്റുവരെ ആശുപത്രിയിലെത്തിക്കാനോ വാഗാഡ് ജീവനക്കാരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്. പാലൂരില്‍ മത്സ്യവില്‍പ്പനക്കാരന്റെ സ്‌കൂട്ടറില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് നന്തിയില്‍വെച്ച് തടയുകയാണുണ്ടായത്. കൊല്ലത്ത് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ലോറി ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയിട്ടും നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയാണുണ്ടായത്. ഇവിടെ അപകടമുണ്ടാക്കിയ ലോറിയ്ക്ക് നമ്പര്‍ പ്ലേറ്റ് പോലുമുണ്ടായിരുന്നില്ല. കെ.എസ്.ഇ.ബിയ്ക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ ജൂണിലെ അപകടത്തിലും റോഡില്‍ ഭീതിപടര്‍ത്തി കുതിച്ച ലോറിയെ കൊയിലാണ്ടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തുവെച്ച് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇതൊക്കെ അപകടങ്ങള്‍ സംഭവിച്ചപ്പോഴുള്ള കാര്യം. ഭാഗ്യംകൊണ്ട് മാത്രം അപകടം നടക്കാതെപോയ ഒട്ടേറെ സാഹചര്യങ്ങള്‍ ഒരുപാടുണ്ട്. വലിയ പാറക്കഷ്ണങ്ങളടക്കം പിന്‍ഭാഗത്ത് ഡോര്‍ ഇല്ലാത്ത ലോറിയില്‍ കയറ്റി പിറകില്‍ വരുന്ന യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയുള്ള യാത്ര, വലിയ പൈപ്പുകളും കോണ്‍ക്രീറ്റ് കഷണങ്ങളും ഡോറില്ലാത്ത ലോറിയില്‍ കയറ്റിയുള്ള കുതിപ്പ്, നമ്പര്‍ പ്ലേറ്റോ ഇന്‍ഷുറന്‍സോ ഇല്ലാതെ ലോറികള്‍ നിരത്തിലിറക്കുന്നത് അങ്ങനെ ഒട്ടേറെ നിയമലംഘനങ്ങള്‍. ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവിട്ട് കൊയിലാണ്ടി ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നടപടികള്‍ വാക്കിലൊതുങ്ങിയ സാഹചര്യങ്ങളും ഒട്ടേറെയാണ്.
വേനല്‍ക്കാലത്തും മറ്റും മണ്ണുകള്‍ നിറച്ച് പിന്നില്‍വരുന്ന ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരുടെ കാഴ്ച തടയുംവിധം മണ്ണ് പറപ്പിച്ച് ചീറിപ്പായുന്ന വാഗാഡ് ലോറികള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്. ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിച്ചില്ലെന്നും പറഞ്ഞ് സാധാരണക്കാരില്‍ നിന്നും കിട്ടാവുന്നത്ര പിഴിഞ്ഞെടുക്കുന്ന പൊലീസും ആര്‍.ടി.ഒയും അടക്കമുള്ള അധികാരികള്‍ ഇതുവരെ ഈ നിയമലംഘനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തു? അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ച കാര്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടതോടെ പൊലീസ് ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയ മട്ടാണ്. ആര്‍.ടി.ഒ ആകട്ടെ ആളുകള്‍ പരാതിയുമായി പലതവണ ബന്ധപ്പെടുമ്പോള്‍ പേരിന് വാഗാഡ് അധികൃതരെ വിളിച്ചുവരുത്തി ചെറിയ തുക പിഴയൊടുക്കാന്‍ പറഞ്ഞ് തടിയൂരും. അതുതന്നെ കമ്പനി അടയ്ക്കുന്നുണ്ടോയെന്നത് ചോദ്യം. നമ്പര്‍ പ്ലേറ്റില്ലാതെയും പിന്‍വശത്തെ ഡോറില്ലാതെയും വാഹനമോടിക്കരുതെന്ന് വാഗാഡ് അധികൃതരോട് പലതവണ പറഞ്ഞിട്ടും അവര്‍ ചെവിക്കൊള്ളുന്നില്ലെന്നും ഇവിടെ തങ്ങള്‍ നിസഹായരാണെന്നും പറഞ്ഞ് കയ്യൊഴിയുകയാണ് പൊലീസും ആര്‍.ടി.ഒയും.
ഇനിയെങ്കിലും ഇത്തരം അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ്ങിനെതിരെ നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയാവുമ്പോള്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ വൈകുന്നേരം കൊയിലാണ്ടിയില്‍ വാഗാഡ് ലോറിയ്‌ക്കെതിരെയുണ്ടായ ജനരോഷം. ദേശീയപാതയുടെ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാകണമെന്നുതന്നെയാണ് ഓരോ കൊയിലാണ്ടിക്കാരും ആഗ്രഹിക്കുന്നത്്. പക്ഷേ അതൊരിക്കലും നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടാവരുത്.