‘ചേമഞ്ചേരിയിലെ പൊളിച്ച് നീക്കിയ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം മാറ്റി സ്ഥാപിക്കണം’; പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ
ചേമഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പൊളിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ”ദേശീയപാത വികസനത്തിന് മുന്നോടിയായി സ്തൂപം മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരും ചരിത്ര സ്മാരക സംരക്ഷണ സമിതിയും എന്‍.എച്ച്.എ.എ അധികൃതരുമായി മുമ്പ് സംസാരിച്ചിരുന്നുവെന്നും, സ്തൂപം മാറ്റി സ്ഥാപിക്കാനടക്കമുള്ള സ്ഥലം പഞ്ചായത്ത് അധികൃതര്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഏകപക്ഷീയമായി പഞ്ചായത്തിലും മറ്റും അറിയിക്കാതെ റോഡ് അധികൃതര്‍ ഇന്നലെ സ്തൂപം അടിച്ചുപൊട്ടിച്ചതെന്ന്” സിപിഎം ചേമഞ്ചേരി ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”എത്രയും പെട്ടെന്ന് സ്തൂപം മാറ്റി സ്ഥാപിക്കണമെന്നും അതല്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുമായി ജനം രംഗത്തിറങ്ങുമെന്നും” അദ്ദേഹം പറഞ്ഞു.
”പൊളിച്ചുമാറ്റിയ സ്തൂപം ചേമഞ്ചേരി എന്ന നാടിന്റെ വികാരമാണെന്ന് പഞ്ചായത്ത് അംഗം വിജയന്‍ കണ്ണഞ്ചേരി പറഞ്ഞു. ചരിത്ര സ്മാരകമായ സ്തൂപം മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയതില്‍ ഇന്നലെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും മാറ്റി സ്ഥാപിക്കാനുള്ള എല്ലാ ചെലുവകളും എന്‍.എച്ച്.എ.എ അധികൃതര്‍ വഹിക്കണമെന്നും” അദ്ധേഹം പറഞ്ഞു. കൂടാതെ ”അനുകൂലമായ ഒരു തീരുമാനം അധികൃതര്‍ എടുത്തില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും” അദ്ധേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരകം മാറ്റി സ്ഥാപിക്കാനായി പഞ്ചായത്ത് എന്‍.എച്ച്.ഐ.എ അധികൃതരുമായി കൃത്യമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ ഇന്നലെ സ്തൂപം അധികൃതര്‍ അടിച്ചുപൊട്ടിച്ചത് അതിന്റെ മഹത്വം മനസിലാക്കാത്തതുകൊണ്ടാണെന്ന് യു.എഡി.എഫ് ചേമഞ്ചേരി പഞ്ചായത്ത് ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മാടഞ്ചേരി സത്യനാഥ് പറഞ്ഞു. ഒരു ജനതയുടെ വികാരത്തെയാണ് അധികൃതര്‍ ചോദ്യം ചെയ്യുന്നതെന്നും അടിയന്തരമായി സ്തൂപം മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭവുമായി മുമ്പോട്ട് വരുമെന്നും അദ്ധേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.