പുറക്കാമലയിലെ കരിങ്കല്‍ ഖനനം; ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്


മേപ്പയൂര്‍: പുറക്കാമല കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ ഇന്ന് യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്. പുറക്കാമലയിലെ കരിങ്കല്‍ ഖനനം എന്തു വില കൊടുത്തും തടയുമെന്നു മേപ്പയൂര്‍ യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ പറഞ്ഞു.

മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പുറക്കാമല കരിങ്കല്‍ ഖനനത്തിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി മേപ്പയൂര്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ഹൈക്കോടതി ഉത്തരവ് ഇറങ്ങിയത്. ഒരുമാസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാനാണ് നിര്‍ദേശം. 2023 മേയിലാണ് ക്വാറി കമ്പനി ഡി ആന്‍ ഡ് ഒ ലൈസന്‍സിന് അപേക്ഷിച്ചത്. നവംബര്‍ നാലിന് അപേക്ഷ ഭരണ സമിതി തള്ളുകയും ചെയ്തു. തുടര്‍ന്ന് കമ്പനി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഡിവിഷണല്‍ ബഞ്ച് പഞ്ചായത്തിന്റെ അപ്പീല്‍ തള്ളിയതോടെ ഭരണ സമിതി യോഗം പുറക്കാമല വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നലെ ചേര്‍ന്നു.

ഈ യോഗത്തില്‍ കോടതി ഉത്തരവിന്റെ പേരില്‍ അനുവാദം നല്കുന്നതിനെതിരെ ജനപ്രതിനിധികളായ ശ്രീനിലയം വിജയന്‍, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി എന്നിവര്‍ ഭരണസമിതി യോഗത്തില്‍ വിയോജനം രേഖപ്പെടുത്തി. എന്നാല്‍ കോടതിയുടെ ഉത്തരവ് ധിക്കരിക്കാന്‍ ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ പഞ്ചായത്തിന് ആവില്ല എന്ന് പ്രസിഡന്റ് കെ.ടി.രാജന്‍ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.  ഖനന നീക്കത്തിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഇത്തരം നടപടികളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ഇന്ന് വൈകീട്ട് പുറക്കാമല ഖനനത്തിനെതിരെ മേപ്പയൂരില്‍ യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തും. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.. ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, കമ്മന അബ്ദുറഹിമാന്‍, എം.എം. അഷ്‌റഫ്, പി.കെ. അനീഷ്, മുജീബ് കോമത്ത,് സി.പി നാരായണന്‍, പൂക്കോട്ട് ബാബുരാജ് അന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.