”ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും, മുതുകുന്ന് മലയില്‍ നിന്നും മണ്ണെടുക്കാന്‍ അനുവദിക്കില്ല” സമരപ്പന്തല്‍ കെട്ടി സമരപ്രഖ്യാപനം നടത്തി സമരസമിതി


കാരയാട്: നൊച്ചാട് അരിക്കുളം ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ നിന്നും മണ്ണെടുക്കാന്‍ വാഗാഡ് കമ്പനിക്ക് അനുമതി നല്‍കിയതിനെതിരെ സമരപ്പന്തല്‍ കെട്ടി സമരപ്രഖ്യാപനം നടത്തി പ്രദേശവാസികള്‍. പരിസ്ഥിതി ലോല പ്രദേശമാണിതെന്നും ജനവാസ മേഖലയായതിനാല്‍ വലിയ തോതിലുള്ള മണ്ണെടുക്കല്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് മുതുകുന്ന് മല ഒരു സ്വകാര്യ ട്രസ്റ്റ് വാങ്ങിയത്. പതിനൊന്ന് ഏക്കറയുള്ള ഈ മല പ്രകൃതിയുടെ സമതലത്തില്‍ നിന്ന് 45 മീറ്ററോളം ഉയരം ഉള്ളതും പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ളതുമായ പ്രദേശമാണ്. മലയുടെ താഴ്‌വാരത്തില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ജലസ്രോതസുക്കള്‍ ഇവിടെയുണ്ട്. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10000 കുടുംബങ്ങള്‍ക്ക് കുടിവെളളം ലഭിക്കാന്‍ ആവശ്യമായ ജലജീവന്റെ ടാങ്ക് നിലനില്‍ക്കുന്നത് ഇവിടെയാണ്. ഇത്തരമൊരു പ്രദേശത്തുനിന്ന് മണ്ണെടുക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

സമര പ്രഖ്യാപനം നടത്തി കൊണ്ട് നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതന്‍ മാസ്റ്റര്‍, അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി കെ പി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ അഭിനീഷ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നിഷ എം കെ, ഗീത നന്ദനം, സിനിമാ പ്രവര്‍തകന്‍ ചൂട്ട് മോഹനന്‍, സി കെ നാരായണന്‍, ദേവ് അമ്പാളി, ഇ.രാജന്‍ മാസ്റ്റര്‍, ചന്ദ്രന്‍ എം എം ബഷീര്‍ മാസ്റ്റര്‍, ധനേഷ് കാരയാട്, അജീഷ് മാസ്റ്റര്‍ സുബോധ് കെ ആര്‍, സി പി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.