പേരാമ്പ്രയിൽ സ്വകാര്യ മൊബൈല്‍ ടവർ നിർമാണത്തിനെതിരെയുള്ള സമരം ആളിക്കത്തുന്നു; പ്രതിഷേധത്തിനിടയിൽ പെട്രോളൊഴിച്ച് ആത്മഹത്യ ശ്രമം, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡിൽ കായൽമുക്ക് ചാലിൽ പ്രദേശത്ത്  സ്വകാര്യ മൊബൈല്‍ ടവർ നിർമ്മാണത്തിനെതിരെ സമരം ശക്തം. ടവർ നിർമ്മാണത്തിനിടെ പ്രതിഷേധിക്കാനെത്തിയവർ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം.

ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുന്നത് പോലിസ് ബലം പ്രയോ​ഗിച്ച് തടഞ്ഞു. ചാലിൽ രവീന്ദ്രനാണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. ബല പ്രയോ​ഗത്തിനിടെ പേരാമ്പ്ര സിഐയുടെ കണ്ണിന് പരിക്കേറ്റു. ഇതിനിടെ കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.

കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണത്തോടെ ടവർ നിർമാണ തൊഴിലാളികൾ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിച്ച പത്തുപേരെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ടവർ നിർമാണം നടക്കുന്ന സ്ഥലത്ത് അടുത്തടുത്തായി 15 വീടുകളാണുള്ളത്. 2 വർഷമായി സമരം തുടങ്ങിയിട്ടുണ്ട്. ഇന്നാണ് പ്രതിഷേധം അക്രമാസക്തമായത്.

Summary: Protest against tower construction flares up in Perampra; During the protest, an attempt was made to commit suicide by pouring petrol.