സാമൂഹികമാധ്യമം വഴി മതവിദ്വേഷ പ്രചരണം; ജില്ലയിലെ രണ്ടു സ്റ്റേഷനുകളിലായി നാല് കേസുകള്‍


 

 

 

 

 

കോഴിക്കോട്: മതവിദ്വേഷമുണ്ടാക്കുംവിധം സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണംനടത്തിയതിന് നഗരത്തിലെ രണ്ട് സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ടൗണ്‍, കസബ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. സൈബര്‍ ഡോമിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ഇത്തരത്തിലുള്ള നാല് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കണ്ടെത്തിയത്.

പാലക്കാട് കഴിഞ്ഞ ദിവസം നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. അക്രമങ്ങള്‍ ആഹ്വാനം നല്‍കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചിരുന്നു.

Also Read- പേരാമ്പ്ര, മേപ്പയ്യൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നടപടി തുടങ്ങിയത്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുംവിധം പോസ്റ്റുകളിട്ടതിനാണ് നടപടി. ഇവ ആരുടേതൊക്കെയാണെന്ന് അന്വേഷണം തുടരുകയാണ്. ഫെയ്സ്ബുക്ക് അധികൃതരില്‍നിന്നുള്ള മറുപടിക്കുശേഷമേ കൂടുതല്‍ നടപടികളുണ്ടാവുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.