ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ ഇനി അവശ്യകാര്യങ്ങള്‍ക്ക് ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട; പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്


ചേമഞ്ചേരി: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്. ഈ കാര്‍ഡ് കൈവശമുള്ള രക്ഷിതാക്കള്‍ക്ക് ഇനിമുതല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, ബാങ്ക്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍ഗണന ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വീടുവിട്ട് അധികസമയം നില്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് പ്രിവിലേജ് കാര്‍ഡ് അനുവദിച്ചത്.

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന നിലയില്‍ ചേമഞ്ചേരി വ്യത്യസ്തങ്ങളായിട്ടുള്ള പദ്ധതികളാണ് ഭിന്നശേഷി മേഖലയില്‍ ആവിഷ്‌കരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് നേരിട്ട് ഉപയോഗപ്രദമാകുന്ന വിധത്തിലുള്ള നിരവധി പദ്ധതികള്‍ ഇതിനകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.

പ്രിവിലേജ് കാര്‍ഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീല എം, അബ്ദുല്‍ ഹാരിസ് വി.കെ, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി.ടി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രമ്യ സ്വാഗതവും പഞ്ചായത്ത് അംഗം ലതിക ടീച്ചര്‍ നന്ദിയും പറഞ്ഞു.