കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ-ശിശു വികസന വകുപ്പ് ബാലുശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ്. അങ്കണവാടികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 9 ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961620058.

പണയ ഉരുപ്പടികളോ നിക്ഷേപമോ കിട്ടാനുളളവര്‍ അറിയിക്കണം

കൈതപ്പൊയിലിലെ കെഎംഎല്‍ ലൈസന്‍സ് നം. 32110531132 മലബാര്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ സ്ഥാപനത്തില്‍നിന്നും പണയ ഉരുപ്പടികളോ നിക്ഷേപമോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം എരഞ്ഞിപ്പാലം ജവഹര്‍ നഗര്‍ കേരള സ്റ്റേറ്റ് ജിഎസ്ടി കോംപ്ലക്സിലെ ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

ജോബ് ഫെയര്‍

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ മാര്‍ച്ച് 10ന് കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തും. ഐ.ടി.ഐ പാസായവര്‍ക്ക് പങ്കെടുക്കാം. കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍: www.spectrumjobs.org ഫോണ്‍: 9947454618, 8848487385

പോട്ടറി ട്രെയിനിംഗ് സെന്റര്‍ പാച്ചാക്കല്‍ കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പോട്ടറി ട്രെയിനിംഗ് സെന്റര്‍ പാച്ചാക്കല്‍ കനാല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ , വാര്‍ഡ് മെമ്പര്‍ കെ.പി ലത, വി.എം.ഷാജു, കെ.സുകു, എന്‍.വി പ്രതിഷ് എന്നിവര്‍ പങ്കെടുത്തു.

വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു

കുത്താളി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിന് പി.വി.സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ 42 പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം സ്റ്റോക്ക് ചെയ്യുന്നതിനാണ് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,26,000 രൂപ പദ്ധതി വിഹിതവും 40,446 രൂപ ഗുണഭോക്തൃ വിഹിതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വാട്ടര്‍ ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ വി.ഗോപി, ടി.രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, മെമ്പര്‍മാരായ ആയിഷ ടീച്ചര്‍, കെ.വി രാഗിത, പൂളക്കണ്ടി കുഞ്ഞമ്മദ്, കെ.പി സജീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അച്ചുതന്‍ മാസ്റ്റര്‍, പി.ടി കുമാരന്‍, എ.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒമാരായ ഒ.കെ സവിത സ്വാഗതവും ധന്യ മാധവന്‍ നന്ദിയും പറഞ്ഞു.

ആടുകളെ വിതരണം ചെയ്തു

തിക്കോടി ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു. ആടുവളര്‍ത്തല്‍ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ 30 ഗുണഭോക്താക്കള്‍ക്ക് രണ്ടുവീതം ആടുകളെയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ പ്രനില സത്യന്‍, കെ.പി ഷക്കീല, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍, മെമ്പര്‍മാരായ വി.കെ അബ്ദുള്‍ മജീദ്, ബിനു കാരോളി, സുബീഷ് പള്ളിത്താഴ, വെറ്റിനറി ഡോക്ടര്‍ കെ.എന്‍ ഷിംജ, ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ കെ.സന്ദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള ഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, എച്ച്.വി.എ.സി. ടെക്നീഷ്യന്‍, എച്ച്.ആര്‍ ഇന്റേണ്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് , ഹെല്‍പ്പര്‍, ജനറല്‍ ടെക്നീഷ്യന്‍ ഓട്ടോമൊബൈല്‍, അക്കൗണ്ട്സ് & ബില്ലിംഗ, ടെലി കോളര്‍ /ഓഫീസ് സ്റ്റാഫ്, യൂണിറ്റ് മാനേജര്‍, അക്കാദമിക് മെന്റര്‍, സെയി സ്മാന്‍, അക്കൗണ്ടന്റ് ട്രെയിനി, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ & വാട്സ്ആപ്പ് നമ്പര്‍: 0495 2370176

ട്രഷറിയില്‍ നിന്നും ഓണ്‍ലൈനായി പണമയക്കാം

കെ.വൈ.സി. അപ്ഡേറ്റ് ചെയ്ത ടി.എസ്.ബി, പി.ടി.എസ്.ബി, ഇ.ടി.എസ്.ബി എന്നീ വ്യക്തിഗത ട്രഷറികളില്‍ നിന്നും മറ്റ് ബാങ്ക്, ട്രഷറി അക്കൗണ്ടുകളിലേക്ക് ഇനി ഓണ്‍ലൈനായി പണമയക്കാം.
https://tsbonline.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം. സൗജന്യമായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ടെണ്ടര്‍

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന കാര്യാലയത്തിന് കീഴിലെ 152 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 13 രാവിലെ 11 മണിവരെ. ഫോണ്‍: 0495 2211525, 9447636943

അറിയിപ്പ്

കോഴിക്കോട് ജില്ലയിലെ ബൈപാസ് ആറുവരിയാക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ വശങ്ങളില്‍ അവശേഷിക്കുന്ന പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൈപാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത മണ്ണ്, മരത്തടികള്‍ മറ്റു പാഴ് വസ്തുക്കള്‍ എന്നിവയാണ് നീക്കം ചെയ്യുക. വേങ്ങേരി, പാച്ചാക്കില്‍, മാമ്പുഴപാലം, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് പാഴ് വസ്തുക്കള്‍ നീക്കംചെയ്യേണ്ടത്. ഇവ ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ 94470 03971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ക്വട്ടേഷന്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 7 ഉച്ചയ്ക്ക 2 മണിവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2359352 ഇ-മെയില്‍: [email protected]

റീ-ക്വട്ടേഷന്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ വിവിധ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 10 രാവിലെ 11 മണിവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2359352 ഇ-മെയില്‍: [email protected]

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഒഴിവുള്ള മറ്റ് തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. ആശുപത്രിയിലെ നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ആശുപത്രി വികസന സമിതിയുടെ 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള വരവ്, ചെലവ് കണക്കുകള്‍ സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ അവതരിപ്പിച്ചു. ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ടി. റനീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശ നന്ദി പറഞ്ഞു.