നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യം; വിയ്യൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
കൊയിലാണ്ടി: വിയ്യൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കിപണിയുന്ന ക്ഷേത്രത്തിന് ശിലാന്യാസം നടത്തി. തന്ത്രി ഉഷാ കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എവടന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രീജിത്ത് ആശാരി അക്ലിക്കുന്ന് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ചു.
രണ്ട് നൂറ്റാണ്ടുകളായി ജീര്‍ണ്ണിച്ച് കിടന്നിരുന്ന അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കേരളത്തില്‍ അത്യപൂര്‍വ്വമായിട്ടുള്ള പ്രഭാസത്യക രൂപത്തില്‍ സ്വയംഭൂ ആയിട്ടുള്ള അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇതോടൊപ്പം നവീകരിക്കുന്ന നാഗക്കാവില്‍ പുന:പ്രതിഷ്ഠ ഉടനെതന്നെ ഉണ്ടാവും.
നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങിന് ക്ഷേത്രം ഊരാളന്‍ കലൂര്‍ സന്തോഷ് നമ്പൂതിരി, കമ്മിറ്റി പ്രസിഡന്റ് രജിത് വനജം, സെക്രട്ടറി ബാലന്‍ നായര്‍ തെക്കേട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.