കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/04/2022)


ആചാരസ്ഥാനികരുടെയും കോലധാരികളുടേയും ധനസഹായം: രേഖകൾ ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽനിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/ കോലധാരികൾ എന്നിവർക്ക് തുടർന്നും വേതനം ലഭിക്കുന്നതിനായി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ രേഖകൾ ഹാജരാക്കണം. ക്ഷേത്രഭരണാധികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽനിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക്  പാസ്സ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഏപ്രിൽ 25 നകം  ലഭ്യമാക്കണം. വിവരങ്ങൾക്ക് ഫോൺ:  0490 – 2321818.

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിലെ കീഴ്കാര്യാലയമായ കൊടുവളളി അഡീഷണൽ ഐസിഡിഎസ് ഓഫീസിലെ ഓദ്യോഗിക ആവശ്യങ്ങൾക്കായി  നിബന്ധനകൾക്ക് വിധേയമായി വാഹനം (കാർ/ ജീപ്പ്) ഓടിക്കാൻ താത്പര്യമുളളവരിൽനിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 26 ഉച്ചക്ക് ഒരുമണി. വിവരങ്ങൾക്ക് ഫോൺ: 0495 2281044

സർക്കാർ സേവനങ്ങൾ ഇനി വാതിൽ പടിക്കൽ; പദ്ധതിയുമായി മുക്കം നഗരസഭ

സർക്കാർ സ്ഥാപനങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി സേവനങ്ങൾ ഇനി വാതിൽപടിക്കൽ എത്തും.  മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ പദ്ധതിയുടെ നടപടികൾ ആരംഭിച്ചു.

വിവിധ കാരണങ്ങളാൽ  സർക്കാർ സേവനം ലഭിക്കാത്തവർ, പ്രായാധിക്യം, ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, അവശരായവർ, കിടപ്പുരോഗികൾ, പരപ്ലീജിയ രോഗികൾ, മാരക രോഗബാധിതർ, ഭിന്നശേഷിക്കാർ, ഈ വിഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർ,  അതി ദരിദ്രർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സർക്കാർ സേവനം വീടുകളിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി നിർവഹണത്തിനായി നഗരസഭാതലത്തിൽ മുനിസിപ്പൽ ചെയർമാൻ അധ്യക്ഷനും മുനിസിപ്പൽ സെക്രട്ടറി കൺവീനറുമായി മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. ഡിവിഷൻ തലത്തിലും കമ്മറ്റികൾ രൂപവത്കരിക്കും.

സർക്കാർ മാനദണ്ഡപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർ വഴിയാണ് സേവനങ്ങൾ വീടുകളിലെത്തിക്കുക.  വാതിൽപടി സേവനത്തിന്റെ ആദ്യഘട്ടത്തിൽ പെൻഷൻ അപേക്ഷ, മാസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, അവശ്യ മരുന്നുകൾ എന്നീ സേവനങ്ങളാണ് വീടുകളിലെത്തിക്കുക.

പദ്ധതി മറ്റു സേവനങ്ങളിലേക്ക് വ്യാപിപ്പിക്കും. സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അർഹരായ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു പറഞ്ഞു.

 

അഭിനയത്തിന്റെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുത്തി നാടക ക്യാമ്പിന്റെ രണ്ടാം ദിവസം

ജില്ലാ ശിശുക്ഷേമ സമിതി അവധിക്കാല അഭിനയ പരിശീലന ക്യാമ്പ് കോവിഡ് കാലത്ത് നഷ്ടമായ ഒത്തുചേരലും കളികളും നികത്താനുള്ള അവസരമായി. ക്യാമ്പിന്റെ രണ്ടാം ദിവസം അഭിനയ പരിശീലകനും സ്‌കൂൾ ഓഫ് ഡ്രാമ റിസർച്ച് സ്‌ക്കോളറുമായ മണി പ്രസാദ്, തീയറ്റർ അധ്യാപകൻ കെ കെ പുരുഷോത്തമൻ എന്നിവർ അഭിനയ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

അഭിനയ പാഠങ്ങൾ വിവിധ തീയറ്റർ ഗെയിംസിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. കളികളിലൂടെ നൈസർഗിക ആവിഷ്‌കാരങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതായിരുന്നു ക്യാമ്പിന്റെ സമീപന രീതി. മനോധർമ അഭിനയം സംഘക്കളികൾ, റോൾ പ്ലെ എന്നിവക്കും ക്ലാസുകൾ ഊന്നൽ നൽകി. പരമ്പരാഗത വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് നഷ്ടമാവുന്ന ഭാവന, സർഗാത്മകത, സഹിഷ്ണുത, ഭാഷാ നൈപുണി, സഹകരണ മനോഭാവം എന്നിവ തീയറ്റർ കളികളിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനാണ് ക്യാമ്പ് പ്രാധാന്യം നൽകിയതെന്ന് ക്യാമ്പ് ഡയരക്ടർ കെ കെ പുരുഷോത്തമൻ പറഞ്ഞു.

വിവർത്തകനും എഴുത്തുകാരനുമായ കെ എസ് വെങ്കിടാചലം, ഡോ. യു ഹേമന്ത് കുമാർ, ശിശുക്ഷേമ സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി മീര ദർശക് എന്നിവർ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ക്യാമ്പ് സന്ദർശിച്ചു. 16ന് തുടങ്ങിയ ക്യാമ്പ് തിങ്കളാഴ്ച അവസാനിക്കും.

കുട്ടികൾക്കും നവജാതശിശുക്കൾക്കും കരുതലായി ആരോഗ്യവകുപ്പ്

കോവിഡ് പ്രതിസന്ധിയിലും പതറാതെ ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല. കുഞ്ഞുങ്ങൾക്കും നവജാതശിശുക്കൾക്കും കരുതലായി നിരവധി പദ്ധതികളാണ് ആരോഗ്യകേരളത്തിനുകീഴിൽ ജില്ലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലാദ്യമായി നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി  നിയോക്രാഡിൽ പദ്ധതി നടപ്പാക്കി.നവജാത ശിശുക്കൾക്ക് ഉണ്ടാകാവുന്ന ശരീരോഷ്മാവ് കുറയുക, രക്തത്തിലെ ഗ്ലൂക്കോസ് കുറയുക, ഓക്സിജൻ കുറയുക എന്നീ സാഹചര്യങ്ങളിൽ പദ്ധതി പ്രകാരം അത്യാധുനിക സംവിധാനമുള്ള ആംബുലൻസിൽ പരിചരണം ലഭ്യമാക്കുന്നു. പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് ആരംഭിച്ചു. www.neocradlekerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്റ്റാഫുകൾക്ക് ഇതിനായി വിദഗ്ധ പരിശീലനം നൽകി വരുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ലേഖനങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളത്തിൽ ആരോഗ്യ വകുപ്പ് നടപ്പാക്കിയ മറ്റൊരു മാതൃകാപരമായ പദ്ധതിയാണ് മുലപ്പാൽ ബാങ്ക്. കോഴിക്കോട് മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക്  പ്രവർത്തനമാരംഭിച്ചത്. കോംപ്രിഹെൻസീവ് ലാക്‌റ്റേഷൻ മാനേജ്‌മെന്റ് സെന്റർ അഥവാ മുലപ്പാൽ ബാങ്ക് എന്ന ആശയം  ആരോഗ്യരംഗത്തു വൻ മുന്നേറ്റമുണ്ടാക്കി. അമ്മയുടെ രോഗാവസ്ഥ/ മരണം, പാൽ ഉദ്പാദനം കുറയുക, കുഞ്ഞിന് മുലപ്പാൽ വലിച്ചുകുടിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ പൂർണമായും അണുവിമുക്തമാക്കിയ പാസ്ചുറൈസ്ഡ് ഡോണർ ഹ്യൂമൻ മിൽക്ക് മുലപ്പാൽ ബാങ്കിലൂടെ ലഭ്യമാവുന്നു.

ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതി വകുപ്പ് നടപ്പാക്കി.18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് www.hridyam.keralam.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം.  പദ്ധതിയിലൂടെ ഇതിനകം നിരവധി കുഞ്ഞുങ്ങൾക്ക്  ചികിത്സ ലഭ്യമാക്കി. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സമ്പൂർണ ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

മന്ത്രിസഭാ വാർഷികം: ജില്ലാതല ആഘോഷത്തിനൊരുങ്ങി കോഴിക്കോട് ബീച്ച്

എന്റെ കേരളം മെഗാ പ്രദർശന-വിപണന മേളയുടെ സ്റ്റാളുകളുടെ നിർമാണം അന്തിമഘട്ടത്തിൽരണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കോഴിക്കോട് ബീച്ച് ഒരുങ്ങിക്കഴിഞ്ഞു. മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കനോലി കനാലിന്റെ മാതൃകയാണ് തയ്യാറാകുന്നത്. സ്റ്റാളുകളുടെയും കവാടത്തിന്റെയും നിർമാണ പ്രവൃത്തികൾ കോഴിക്കോട് ബീച്ചിൽ അന്തിമഘട്ടത്തിലാണ്.

മേളയുടെ ഭാഗമായി  218 സ്റ്റാളുകൾ  ഒരുക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള 50 തീം സ്റ്റാളുകളുണ്ട്. കൂടാതെ  ഉത്പന്നങ്ങളുടെ പ്രദർശന – വിപണനത്തിനായി 155 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 19 മുതൽ 26 വരെയാണ് മെഗാ പ്രദർശന-വിപണന മേള നടക്കുന്നത്. ഏപ്രിൽ 19ന് വൈകീട്ട് നാലു മണിക്ക് മാനാഞ്ചിറ മുതൽ ബീച്ചു വരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും.ഘോഷയാത്രയിൽ പ്രാദേശിക കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പെടുത്തും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും. 19ന് വൈകീട്ട് ആറു മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ അനീഷ് മണ്ണാർക്കാടും സംഘവും നാടൻപാട്ട് അവതരിപ്പിക്കും.

മേളയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്ഡോർ ഡിസ്പ്ലേ തുടങ്ങിയവയും  ഒരുക്കിയിട്ടുണ്ട്. എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി.ആർ.ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങളും മേളയിൽ പ്രദർശിപ്പിക്കും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ്‌കോർട്ടും ഒരുങ്ങുന്നുണ്ട്.

ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബർ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാർഷിക വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സെമിനാറുകൾ നടക്കുക.

 

ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ; വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ

ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000 ത്തോളം ഊണുകളാണ് ഇതുവഴി വിതരണം ചെയ്തു വരുന്നത്. 20 രൂപ, 25 രൂപ നിരക്കിലാണ് ഉച്ച ഭക്ഷണ വിതരണം. ഇതുപ്രകാരം ജില്ലയിലെ വിവിധ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന്  ഈ വർഷം ജില്ലയിൽ എട്ട് കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്.

പട്ടികവർഗ മേഖലയിൽ പുതിയ അഞ്ച് ട്രൈബൽ അയൽക്കൂട്ടങ്ങളും പുതിയ 10 ട്രൈബൽ ജെ എൽ ജികളും രൂപവത്കരിച്ചു. പട്ടികവർഗ മേഖലയിലെ അയൽക്കൂട്ടങ്ങളെ സ്വയംപര്യപ്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 10 അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുക്കുകയും അയൽക്കൂട്ടങ്ങളുടെ ഭാരവാഹികൾക് പരിശീലനം നൽകുകയും ചെയ്തു. പട്ടികവർഗ മേഖലയിൽ മൃഗ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സബ്‌സിഡിയോടെ നിരവധി യൂണിറ്റുകൾ ആരംഭിച്ചു. കൂടുതൽ സംരംഭം രൂപീകരിക്കുന്നതിനായി സ്റ്റാർട്ട് അപ്പ് ഫണ്ടുകൾ നൽകി ജില്ലയിൽ പുതുതായി ആറ് ചെറുകിട സംരംഭങ്ങൾ രൂപവത്കരിച്ചു.

പട്ടികവർഗ മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി അവരുടെ ഊരിൽതന്നെ പഠന സംബന്ധമായി അധികവിദ്യാഭ്യാസം നൽകുന്നതിന്  ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ജില്ലയിൽ കൂടുതൽ കൊഴിഞ്ഞുപോക്ക് റിപ്പോർട്ട് ചെയ്ത മരുതോങ്കര സി ഡി എസിലെ കുടിൽപാറ കോളനിയിൽ ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. ഈ മേഖലയിലെ യുവാക്കൾക്കിടയിൽ വായനശീലം വളർത്തുന്നത്തിനായി യൂത്ത് ക്ലബ്ബുകൾ കേന്ദ്രീകരിച്ചു ലൈബ്രറികൾ രൂപവത്കരിച്ചു. ജില്ലയിൽ ആകെ ആറോളം പട്ടികവർഗ യൂത്ത് ക്ലബ് ലൈബ്രറികളാണ് രൂപവത്കരിച്ചത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളും  ചർച്ച ചെയ്യുന്നതിനായി സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ സംഘടിപ്പിച്ചു. റാലികൾ, സെമിനാറുകൾ, അഭിപ്രായ സർവേകൾ എന്നിവ സംഘടിപ്പിക്കുകയും സ്ത്രീപക്ഷ കർമപദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ക്രൈം മാപ്പിംഗ് നടപ്പാക്കി. ജില്ലയിലെ 12 ബ്ലോക്കുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളിൽ ക്രൈം മാപ്പിംഗ് പ്രവർത്തനം ആരംഭിച്ചു.

ജില്ലയിൽ 1,566 വാർഡിൽ ആകെ 1,596 ഓക്‌സിലറി ഗ്രൂപ്പ് രൂപവത്കരിച്ചു. 29,136 യുവതികൾ  ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ജില്ലാകലക്ടറുടെ ഓക്‌സിജൻ കോൺസെൻട്രേറ്റർ ചലഞ്ചിൽ 38.66 ലക്ഷംരൂപയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 21 ലക്ഷംരൂപയും കുടുംബശ്രീ നൽകി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷൻ ശുചിത്വചങ്ങല 2.0 എന്ന പേരിൽ ശുചീകരണ പ്രവർത്തനം നടത്തി. ഇതിന്റെ ഭാഗമായി 3,15,234 വീടുകൾ ശുചിത്വഭവനമായി പ്രഖ്യാപിച്ചു.

4,571 അയൽക്കൂട്ടത്തിന് 349 കോടിരൂപ ബാങ്ക്‌ ലിങ്കേജ്‌ വഴി നേടി. ലിങ്കേജ് ലോൺ എടുത്ത അയൽക്കൂട്ടത്തിനു ലോൺ പലിശ സബ്‌സിഡി ആയി ഈ വർഷം 3.25 കോടിരൂപ അയൽക്കൂട്ടത്തിനു നൽകി. അയൽക്കൂട്ട സമ്പാദ്യം വർധിപ്പിക്കുന്നതിന് മികച്ച അയൽക്കൂട്ടത്തിനു സർക്കാർ നൽകുന്ന റിവോൾവിംഗ് ഫണ്ട് പ്രകാരം 333 അയൽക്കൂട്ടത്തിന് ഈ വർഷം 50 ലക്ഷംരൂപ നൽകി. ബാലസഭകളുടെ പ്രവർത്തനം മികവുറ്റതാക്കി. നാല് പുതിയ ബഡ്‌സ് ബി ആർ സി സ്ഥാപനങ്ങൾ ആരംഭിച്ചു. ബഡ്‌സ് ഫെസ്റ്റ് മഴവില്ല് 2022 നടപ്പാക്കി.

കൃഷിയിൽ താത്പര്യമുള്ള കുടുംബശ്രീ വനിതകൾക്കായി ജില്ലയിൽ 76 പുതിയ ജെ എൽ ജികൾ രൂപീകരിച്ചു. നിലവിൽ 5167 ജെ എൽ ജികൾ പ്രവർത്തിക്കുന്നുണ്ട്. 952.1 ഹെക്ടറിൽ പച്ചക്കറി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 36 നാട്ടുചന്തകൾ പ്രവർത്തിച്ചു വരുന്നു.

ജില്ലയിൽ 16 ചെറുകിട മൂല്യവർധിത യൂണിറ്റും 10 ഇടത്തരം മൂല്യവർധിത യൂണിറ്റും 22 ജൈവിക പ്ലാന്റ് നഴ്‌സറികളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒരുകോടി ഫല വൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി ജൈവിക പ്ലാന്റ് നഴ്‌സറികൾ ജില്ലയിലെ വിവിധ കൃഷിഭവനുകളിലേക്ക് 7143 ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷം 4,76,741 രൂപയോളം വരുമാനം ലഭിച്ചു.

20 അഗ്രി ബിസിനസ്സ് വെഞ്ചറുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. 1225 വാർഡുകളിലായി 61,250 കുടുംബശ്രീ കുടുംബങ്ങൾ അഗ്രി ന്യൂട്രി ഗാർഡൻ  പദ്ധതിയുടെ ഭാഗമായി. 10 ബയോഫാർമസികൾ, രണ്ട് ഫ്രൂട്ട്‌ പ്രോസസ്സിംഗ് യൂണിറ്റുകൾ, അഞ്ച് വെജിറ്റബിൾ കിയോസ്‌ക്കുകൾ എന്നിവ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

മൃഗ സംരക്ഷണ മേഖലയിൽ ക്ഷീര സാഗരം, ആട് ഗ്രാമം, കോഴി ഗ്രാമം, മുട്ടക്കോഴി വളർത്തൽ, മാംസ  സുരക്ഷാ പദ്ധതി എന്നിവ നടപ്പാക്കി. 781 ക്ഷീരസാഗരം യൂണിറ്റുകളും 825 ആട് ഗ്രാമം യൂണിറ്റുകളും 24 മുട്ടക്കോഴി യൂണിറ്റുകളുമാണുള്ളത്. മൃഗസംരക്ഷണ മേഖലയിൽ പുതിയ യൂണിറ്റുകൾ രൂപവത്കരിക്കുന്നതിന് സാമ്പത്തിക സഹായം നൽകി.

കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ  അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകി.

നിലവിൽ 3500ഓളം  സംരംഭങ്ങൾ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സർക്കാറിന്റെ ആദ്യ വർഷത്തിൽ നിലവിൽ 454 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 931 അംഗങ്ങൾ വരുമാന മാർഗം കണ്ടെത്തുന്നുണ്ട്.

പ്രവാസി ഭദ്രത, ഗ്രാമകം ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി, തൊഴിൽ വൈദഗ്ധ്യ പരിശീലനം, മാസച്ചന്തകൾ, കുടുംബശ്രീ മാർക്കറ്റിങ് ഔട്‌ലെറ്റുകൾ, പിങ്ക് കഫേ, നാനോ മാർക്കറ്റുകൾ, സി ഇ എഫ് ലോൺ വിതരണം, പ്രത്യേക വിപണന മേളകൾ, ഹോംഷോപ്, മാർക്കറ്റിങ് കിയോസ്‌കുകൾ, യുവ കേരളം സെന്ററുകൾ, എസ്.വി.ഇ.പി പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കി.