കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

‘സ്ത്രീശക്തി കലാജാഥ’യുടെ ആദ്യ രംഗാവതരണം വനിതാ ദിനത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കും

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ‘സ്ത്രീശക്തി കലാജാഥ’യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പരിപാടിയാണ് ‘സ്ത്രീപക്ഷ നവകേരളം’. 2021 ഡിസംബര്‍ 18 മുതല്‍ ഈ ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ‘സ്ത്രീശക്തി കലാജാഥ’ രൂപീകരിച്ചിട്ടുള്ളത്. സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം.

എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ ഐ എ എസ് തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതാ ദിനം: സെമിനാര്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാശിശു വികസന വകുപ്പും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു.

ജെന്‍ഡര്‍-സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ആവള കൂട്ടോത്ത് സ്‌കൂളിലെ കൗണ്‍സിലര്‍ സോണി ക്ലാസെടുത്തു. പരിപാടിയില്‍ കുന്നുമ്മല്‍ സി.ഡി.പി.ഒ ദീപ, ബ്ലോക്ക് മെമ്പര്‍ കെ.ഒ ദിനേശന്‍, എം.പി കുഞ്ഞിരാമന്‍, കെ. കൈരളി എന്നിവര്‍ പങ്കെടുത്തു.

പുനര്‍ജ്ജനി 2022 ക്യാമ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

പുനര്‍ജ്ജനി 2022 ന്റെ ഭാഗമായി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കുന്ന ത്രിദിന ക്യാമ്പ് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന സ്ഥിതി ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ രൂപകല്പന ചെയ്ത പദ്ധതിയാണ് പുനര്‍ജ്ജനി.

യുവത്വത്തിന്റെ ഊര്‍ജ്ജവും ആര്‍ജ്ജവവും സമൂഹ സേവനത്തിനായി എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ നടത്തുന്ന സേവനം മഹത്തരമാണ്. രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസ് കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. അജി സ്വാഗതം പറഞ്ഞു. എഡബ്ല്യൂഎച്ച് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ വിവേക് പി ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആര്‍എംഒ ഡോ. പി. എസ്. ദിവ്യ, ഡോ. മോഹന്‍ദാസ്, എന്‍എസ്എസ്. ടെക് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.എം. സാദിഖ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ക്വാളിറ്റി ഓഫീസര്‍ ഡോ. സി. കെ. അഫ്‌സല്‍ നന്ദി പറഞ്ഞു.

വനിതാ ദിനാചരണം: വനിതാ പാര്‍ലമെന്റ് നാളെ; വിവിധ രംഗങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശിയ വനിതാ കമ്മിഷനും കേരള വനിത കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാര്‍ലമെന്റ് നാളെ (മാര്‍ച്ച് 6) കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ 500 ലേറെ വനിതകള്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു.

രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, നിയമങ്ങളിലെ സ്ത്രീപക്ഷ വീക്ഷണം, സാഹിത്യം, സിനിമ, കല, കായികം, പോഷകാഹാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും, സ്ത്രീ ശാക്തീകരണത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് അതത് മേഖലയിലെ വിദഗ്ധര്‍ വനിതാ പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വനിതകളെ ആദരിക്കല്‍, 2021-ലെ മാധ്യമ പുരസ്‌കാര വിതരണം, മൂന്ന് വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവ് നാടകങ്ങള്‍, കഴിഞ്ഞ 25 വര്‍ഷത്തെ വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും ആസ്പദമാക്കി കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം, സാംസ്‌കാരിക സദസ്സ്, രാത്രി നടത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

രാവിലെ 10 ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ, മുന്‍ എം.പി സി.എസ് സുജാത, ദി വീക്ക് കേരള കറസ്പോണ്ടന്റ് സിത്താര പോള്‍, ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ കെ.സി ലേഖ, ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സല്‍ എ.പാര്‍വതി മേനോന്‍, സംവിധായിക അഞ്ജലി മേനോന്‍, എഴുത്തുകാരി ബി.എം സുഹറ, കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ അംഗം അഡ്വ. പി വസന്തം, മുന്‍ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം അസി. കോച്ച് പി.വി പ്രിയ, കോഴിക്കോട് ഡയറ്റ് ലക്ചറര്‍ ഡോ കെ.എം സോഫിയ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതി എന്നിവര്‍ വിഷയാവതരണം നടത്തും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കമ്മിഷന്‍ അംഗങ്ങളായ, ഷാഹിദാ കമാല്‍, അഡ്വ. ഷിജി ശിവജി, സോണിയ വാഷിങ്ടണ്‍, അഡ്വ എം.എസ് താര തുടങ്ങിയവര്‍ പങ്കെടുത്തു.

അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു. ശ്മശാനത്തിന് വിലങ്ങു തടിയായ വഴി പ്രശ്നത്തിന് പരിഹാരമായി. അഞ്ച് ഭൂവുടമകളില്‍ നിന്ന് നാട്ടുകാരുടെ സഹായത്താല്‍ സ്ഥലം വിലക്ക് വാങ്ങി പ്രശ്നം പരിഹരിക്കുകയായിരുന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് പിരിച്ചെടുത്ത തുക ഭൂവുടമകള്‍ക്ക് കൈമാറി.

പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നായി 4,87,850 രൂപ പിരിഞ്ഞു കിട്ടി. അഞ്ച് ഭൂവുടമകള്‍ക്കുമായി 75,000 രൂപ വീതം ആകെ 3,75,000 രൂപ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ കൈമാറി. നോട്ടറി വക്കീല്‍ മുഖേന സ്ഥലത്തിന്റെ രേഖകള്‍ ഭൂവുടമകള്‍ ഒപ്പിട്ട് പഞ്ചായത്തിന് നല്‍കുകയും ചെയ്തു.

95 ലക്ഷം രൂപയാണ് ശ്മശാനത്തിന്റെ നിര്‍മ്മാണച്ചെലവ്. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 40 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡും ഉപയോഗിച്ചാണ് നിര്‍മ്മാണം. പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ച്് ആധുനിക സംവിധാനത്തോടെയുള്ളതാണ് ശ്മശാനം.

പണം നല്‍കുന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ശ്മശാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്‍ ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

ഗതാഗതം നിരോധിച്ചു

എകരൂല്‍ കാക്കൂര്‍ റോഡില്‍ ഇയ്യാട് കലുങ്ക് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഇയ്യാട് മങ്ങാട് റോഡുവഴിയും, ഏഴുകുളം കരിയാത്തന്‍കാവ് റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരാഫെഡിന്റെ 24ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് പങ്കെടുക്കുന്ന അംഗസംഘങ്ങളുടെ പ്രതിനിധികള്‍ക്ക് നല്‍കുവാന്‍ വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കേരാഫെഡ് ഹെഡ് ഓഫീസിലേക്ക് നല്‍കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14 വൈകുന്നേരം 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0471 2320504