വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (07/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി പി.പ്രസാദ്
കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കൃഷി പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കൃഷിയെ സംബന്ധിച്ച് കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്താന്‍ സാധിക്കും. കൃഷിയെന്നത് ജീവന മാർഗ്ഗമാണ്. അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ്. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷി പാഠം പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസയര്‍പ്പിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനക്ലാസ് സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, പി.ഗവാസ്, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ എ.പി സെയ്താലി, ഒളവണ്ണ പഞ്ചായത്ത് മെമ്പര്‍മാരായ പി.രാധാകൃഷ്ണന്‍, എം. ഉഷാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമ ടി.എ, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് വി.ഗീത, പ്രിന്‍സിപ്പാള്‍ ജീജ പി.പി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍ പുറ സ്വാഗതവും കോര്‍ഡിനേറ്റര്‍ വി. പ്രവീണ്‍ കുമാര്‍ പദ്ധതി വിശദീകരണവും നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ കുതിപ്പിനൊരുങ്ങി മേലടി ബിആർസി
സമഗ്ര ശിക്ഷാ കേരളയുടെ ചിറകിലേറി മേലടി ഉപജില്ലയിലെ സ്കൂളുകൾ വികസന കുതിപ്പിലേക്ക്. “ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം” എന്ന കാഴ്ചപ്പാട് സാർത്ഥകമാക്കുന്നതിനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ബിആർസിക്ക് കീഴിൽ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ഭൗതിക സൗകര്യവികസനം, അക്കാദമിക പ്രവർത്തനങ്ങൾ, സ്കൂളും ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹ്യദമാക്കൽ തുടങ്ങിയവയാണ് നടത്തുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലാണ് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നത്. മേലടി ബിആർസിക്ക് കീഴിലെ പ്രീപ്രെെമറി തലം മുതലുള്ള വിദ്യാലയങ്ങൾ ഇതിനോടകം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. അവശേഷിക്കുന്ന സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
2021-2022 വർഷം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിട്ട് അയനിക്കാട് ജി ഡബ്ല്യു എൽ പി സ്കൂളിലെ പ്രീ പ്രൈമറി മോഡൽ പ്രീ പ്രൈമറിയായി ഉയർത്തി. ഈ വർഷം ഇതേ പദ്ധതിയിൽ ജി.എൽ.പി.എസ് തൃക്കോട്ടൂർ വെസ്റ്റ് സ്കൂളിലെയും ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്ക്കൂളിലെയും പ്രീ പ്രൈമറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. 10 ലക്ഷം രൂപ വീതം രണ്ട് സ്ക്കൂളിനും കൂടി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യ ഗഡുവായി ഓരോ സ്കൂളിനും അഞ്ച് ലക്ഷം രൂപ ഉടൻ കൈമാറും.
മേലടി ബിആർസിക്ക് കീഴിലുള്ള ജി.വി.എച്ച്.എസ്.എസ് മേപ്പയ്യരിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് സമഗ്രശിക്ഷാ കേരള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പാഠപുസ്തകങ്ങളിൽനിന്നുള്ള അറിവിനപ്പുറം കാലാവസ്ഥ നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകും. 73225 രൂപ ചിലവിട്ടാണ് സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിർണ്ണയ കേന്ദ്രം സ്ഥാപിച്ചത്. ഇത് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്.
വി.എച്ച്.എസ്.സി സ്കൂളുകൾ കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിആർസി. പയ്യോളി ഗവ വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 20 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനം. തീരദേശ മേഖലയിൽ വിവിധ കാരണങ്ങൾ കൊണ്ട് പഠനം നിലച്ചുപോയവർക്കാണ് മുൻഗണന നൽകുക. മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിലെ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ച് തൊഴിൽ നൈപുണി കേന്ദ്രം ആരംഭിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. കോഴ്സുകൾ തിരഞ്ഞെടുത്ത് അംഗീകാരം കിട്ടുന്ന മുറയ്ക്ക് 20 ലക്ഷം രൂപ മുതൽമുടക്കിൽ മേപ്പയ്യൂർ വി.എച്ച്.എസ്.സി കേന്ദ്രീകരിച്ചും തൊഴിൽ നൈപുണീ കേന്ദ്രം ആരംഭിക്കാനാകും. അങ്ങനെയായാൽ മേലടി ബിആർസിക്ക് കീഴിൽ ആകെയുള്ള രണ്ട് വി.എച്ച്.എസ്.സിയിലും തൊഴിൽ നൈപുണി കേന്ദ്രങ്ങളുണ്ടാകുമെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ അനുരാജ് വരിക്കാലിൽ പറഞ്ഞു.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ കോഴ്സ് പൂർത്തീകരിക്കാനാവാത്തവർക്കും സമൂഹത്തിൽ മറ്റ് പിന്നോക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട തൊഴിൽ നേടി ജീവിത വിജയം നേടാനുള്ള മികച്ച സാധ്യതയാണ് തൊഴിൽ നൈപുണി കേന്ദ്രം വഴി സാധ്യമാകുകയെന്ന് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ അഭിപ്രായപ്പെട്ടു.തൊഴിൽ നൈപുണി കേന്ദ്രങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി എന്നീ കോഴ്സുകൾക്ക് ചേർന്ന് വിവിധ കാരണങ്ങൾ കൊണ്ട് പഠനം മുടങ്ങിയവർക്കും മെച്ചപ്പെട്ട തൊഴിൽ മേഖല കണ്ടെത്താൻ കഴിയുന്ന അവസ്ഥയുണ്ടാകും.
കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കുന്നു. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
തെരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉല്‍പാദന വിപണന ആസൂതണ രേഖ കൃഷി വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കി നല്‍കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായകമായ ഘടകങ്ങള്‍ക്ക് പിന്തുണ നല്‍കി വരുമാന വര്‍ദ്ധനവ് ഉറപ്പാക്കും. കൃഷിയിടത്തില്‍ പൂര്‍ണ്ണ സാങ്കേതിക സഹായവും ഉറപ്പാക്കും. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആസുത്രിത കൃഷിയിടാധിഷ്ടിത കൃഷിക്കൂട്ടങ്ങളെ കര്‍ഷക ഉല്‍പാദക സംഘങ്ങളായും കമ്പനികളായും പടിപടിയായി ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ആശയം. വിശദവിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2370368, 9383471805.
‘നഷാ മുക്ത് ഭാരത് അഭിയാന്‍’: വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍
സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രക്ഷിതാവിനോടൊപ്പം പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ ചെലവില്‍ അവസരം ലഭിക്കും.
8 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരവും 5 മുതല്‍ 8 വരെയും 9 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് രണ്ട് കാറ്റഗറിയിലായി പെയിന്റിങ്, പ്രബന്ധ രചനാ മത്സരവുമാണുള്ളത്. മത്സരങ്ങളില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നവംബര്‍ 10 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മത്സരം നടക്കും. താല്പര്യമുള്ളവര്‍ നവംബര്‍ 9 ന് വൈകീട്ട് 5 മണിക്കുള്ളില്‍ antidrugcompetition2022@gmail.
ഗതാഗത നിരോധനം
കാപ്പാട് തുഷാരഗിരി അടിവാരം (എസ് എച്ച് 68) റോഡില്‍ കലന്തര്‍മേട് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 8 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലുടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു.
കെ.ടി.എ റോഡില്‍ കലന്തര്‍മേട് വഴി പോകേണ്ടതും തിരിച്ച് വരുന്നതുമായ വലിയ വാഹനങ്ങള്‍ മൈക്കാവ് ശാന്തി നഗര്‍ ഭാഗത്ത് കൂടെ പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഉപസമിതിയുടെ തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ ഫുട് വെയര്‍ മാനുഫാക്ചറിംഗ്, കെയിന്‍ ആന്റ് ബാംബു മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 11 ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 12 മണിയ്ക്കും കോഴിക്കോട് ഗാന്ധി റോഡിലുളള കേരളാ സ്റ്റേറ്റ് സ്മാള്‍ ഇഡന്‍സ്ട്രീസ് അസോസിയേഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ മേല്‍ പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
അഗ്രോ ക്ലിനിക്
വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ നവംബര്‍ 11ന് രാവിലെ 10.30 ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ക്ക് 0495 2935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീട ബാധിതമായ ഭാഗം രോഗ-കീട നിര്‍ണ്ണയത്തിനായി കൊണ്ടുവരണമെന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു.
കമ്പോളവില വര്‍ദ്ധന; യോഗം നാളെ
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം കുറയ്ക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അരി/പല വ്യഞ്ജന മൊത്ത വ്യാപാരികളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ(നവംബര്‍ 8) വൈകുന്നേരം 4 മണിക്ക് ജില്ലാ കലക്ടറുടെ ചേംമ്പറില്‍ ചേരും.
ത്രിദിന പരിശീലനം
സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍,സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബര്‍ 10,11,12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 0471 2779200, 9074882080.