ക്ലാർക്ക് നിയമനം എഴുത്തുപരീക്ഷ 16 ന്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/04/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മെയ് മൂന്നുവരെ ഉത്സവകാല ഫെയറുകളായി പ്രവർത്തിക്കുന്നു. വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 14) രാവിലെ ഒമ്പത് മണിക്ക് സപ്ലൈകോ കോവൂർ സൂപ്പർ മാർക്കറ്റിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും.
സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപവത്കരിച്ചു
വിഷു, ഈസ്റ്റർ എന്നിവയുടെ ഭാഗമായി തുടർച്ചയായി അവധി വരുന്ന അവസരത്തിൽ ജില്ലയിൽ ഈ ദിവസങ്ങളിൽ അനധികൃത പാറ ഖനനം, വയൽ നികത്തൽ, മണൽ ഖനനം, കുന്നിടിക്കൽ തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാൽ ആയത് നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപവത്കരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ 0495-2371002 എന്ന നമ്പറിൽ അറിയിക്കാം.
പെൻഡിങ് ഫയൽ അദാലത്ത് നടത്തും
നവകേരള തദ്ദേശകം 2022ന്റെ തുടർച്ചയായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പെൻഡിങ് ഫയൽ അദാലത്തുകൾ നടത്താനുളള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാതല യോഗം ചേർന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മറ്റ് ഓഫീസുകളിലും പെൻഡിങ് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു.
ഫയൽ അദാലത്തു നടത്തുന്നത് സംബന്ധിച്ച അറിയിപ്പുകൾ നൽകുന്നതിനും സമയബന്ധിതമായി ഫയൽ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനതല, വകുപ്പ് ഓഫീസ് തല അദാലത്തുകൾ ഏപ്രിൽ 23-നകവും ജില്ലാതല അദാലത്ത് ഏപ്രിൽ 28-നും നടത്താൻ തീരുമാനിച്ചു. തീർപ്പാകാത്ത അപേക്ഷകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അതത് ഓഫീസുകളിൽ അപേക്ഷ നൽകാം.
സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ. ഡി. സാജു, എൽ.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എൻജിനിയർ, ചന്ദ്രൻ, ഡെപ്യൂട്ടി ടൗൺ പ്ലാനർ എൻ.എം റിജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പി. പ്രസാദ് എന്നിവർ പങ്കെടുത്തു.
കണിവെളളരിയും കണിക്കൊന്നയും പായസം മേളയുമായി കൺസ്യൂമർഫെഡ്
വിഷുവിനെ വരവേൽക്കാൻ കണിവെള്ളരിയും കണിക്കൊന്നയും പായസം മേളയുമൊരുക്കി കൺസ്യൂമർഫെഡ്. റംസാൻ പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ നടക്കുന്ന റംസാൻ ഫെസ്റ്റിലാണ് വിഷുവിനെക്കൂടി വരവേൽക്കുന്നത്.
അത്തിപ്പഴം, കാരക്ക , മുന്തിരി, ഈന്തപ്പഴം, ബദാം, പിസ്ത, ഏലക്കായ, അണ്ടിപ്പരിപ്പ്, ഡ്രൈഫ്രൂട്ട്‌സ്, പഴവർഗ്ഗങ്ങൾ മുതൽ വിവിധ ബിരിയാണി അരികൾ, മസാല കൂട്ടുകൾ തുടങ്ങി നോമ്പ് കാലത്താവശ്യമായ എല്ലാ ഇനങ്ങൾക്കും പുറമേ നോമ്പ്തുറ സ്‌പെഷ്യൽ വിഭവങ്ങളായ ചട്ടിപ്പത്തിരി,വിവിധയിനം കട്‌ലറ്റ്കൾ, സമൂസ, മുട്ടമാല, തരിക്കഞ്ഞി, വിവിധതരം ജ്യൂസ്‌കൾ എന്നിവയ്‌ക്കൊപ്പമാണ് വിഷു സ്‌പെഷ്യൽ ഇനങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയത്.
വിഷു – ഈസ്റ്റർ – റംസാൻ വിപണിയും റംസാൻ ഫെസ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സബ്‌സിഡിയോടെ 13 ഇനം സാധനങ്ങളാണ് ഇവിടെ ലഭിക്കുന്നത്. എല്ലാവിധ നിത്യോപയോഗസാധനങ്ങളും ഇവിടെ പ്രവർത്തിക്കുന്ന ത്രിവേണിസൂപ്പർമാർക്കറ്റിലും ലഭ്യമാണ്. റംസാൻഫെസ്റ്റിലെത്തുന്നവർക്ക് വിഷുവും ഈസ്റ്ററും വിലക്കുറവിൽ ആഘോഷിക്കാമെന്നതാണ് മേളയുടെ പ്രത്യേകത. പരിപ്പ് പ്രഥമൻ, അടപ്രഥമൻ, പാൽപായസം എന്നിങ്ങനെ വിവിധതരം പായസങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ലിറ്ററിന് 250 രൂപയും അര ലിറ്ററിന് 130 രൂപയുമാണ് വില്പനവില.
കണിവെള്ളരി കിലോയ്ക്ക് 70 രൂപ നിരക്കിലാണ് നൽകുന്നത്. 500 ഗ്രാം മുതൽ 750 ഗ്രാം വരെയുള്ള കണിവെള്ളരിയാണ് വിൽപ്പനയ്‌ക്കെത്തിയത്. കണിവെള്ളരിയോടൊപ്പം കണിക്കൊന്ന സൗജന്യമായാണ് കൺസ്യൂമർഫെഡ് നൽകുന്നതെന്നും റീജണൽ മാനേജർ പി.കെ. അനിൽ കുമാർ അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും- ദേശീയ സെമിനാർ സംഘടിപ്പിച്ചു
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് നടത്തിയ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു.
ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന ആശയത്തിന് ഊന്നൽ നൽകുന്ന രീതിയിലാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന കാലാവസ്ഥാ അനുകൂല മാറ്റങ്ങൾ, പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ, നൂതന ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ, സോളാറിന്റെ ഉപയോഗം, മഴവെള്ള സംഭരണം, സൗരോർജത്തിന്റെ ഉപയോഗം, ആശുപത്രിയിൽ പച്ചപ്പ് ഉറപ്പു വരുത്തൽ, സീറോ വേസ്റ്റ് പദ്ധതി, നോ കാർബൻ എമിഷൻ എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. കൂടാതെ വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാറിൽ പ്രതിപാദിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളും അന്യസംസ്ഥാനങ്ങളും നടപ്പാക്കിയ കാലാവസ്ഥാ അനുകൂല പ്രവർത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റർ പ്രദർശനവും നടന്നു. എൻ.പി.സി.സി.എച്ച്.എച്ച്, ലോകാരോഗ്യ സംഘടന, ആരോഗ്യ വകുപ്പ്, എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 65 പേർ അടങ്ങുന്ന സംഘം മലപ്പുറം, വയനാട് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, എൻ.പി.സി.സി.എച്ച്.എച്ച് മേധാവി ഡോ. ആകാശ് ശ്രീവാസ്തവ, ആരോഗ്യ വകുപ്പ് അഡി. ഡയറക്ടർ ഡോ. വി. മീനാക്ഷി, എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് കെ. സിങ്, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോഡറിക്കോ ഒഫ്രീൻ, എം.ഒ.എച്ച്.എഫ്.ഡബ്ല്യൂ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ തുങ്ങിയവർ പങ്കെടുത്തു.
കരുതലോടെ കൂടെയുണ്ട് സാമൂഹ്യനീതി വകുപ്പ്
സംസ്ഥാന സർക്കാർ ഒരുവർഷം പൂർത്തിയാക്കുമ്പോൾ അനേകായിരങ്ങൾക്ക് ആശ്വാസമേകിയ ചാരിതാർഥ്യത്തിലാണ് ജില്ലയിലെ സാമൂഹ്യനീതി വകുപ്പ്. അശരണർക്ക് താങ്ങും തണലുമായും നീതി തേടുന്നവരുടെ തോളോട് തോൾ ചേർന്നും സാമൂഹ്യനീതിക്കായി നിരവധി പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിയിട്ടുള്ളത്. തെരുവിൽ കഴിയുന്നവർ, ആശ്രയമില്ലാത്തവർ, വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ‘ഉദയം പദ്ധതി’ ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന ‘എനേബ്ലിങ് കോഴിക്കോട്’ കമ്മ്യുണിറ്റി ബേസ്ഡ് ഏർലി ഐഡന്റിഫിക്കേഷൻ പ്രോഗ്രാം, വയോജനങ്ങളുടെ മാനസിക സന്തോഷത്തിനായി ‘ഹാർട്ട് ടു ഹാർട്ട്’പദ്ധതി, വയോപോഷണം എന്നിവ ഏറെ ശ്രദ്ധേയമാണ്. വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി 2.07 കോടിരൂപയാണ് ജില്ലയിൽ ചെലവഴിച്ചത്.
അശരണർക്ക് തണലായി ഉദയം
തെരുവിൽ കഴിയുന്നവർ, ആശ്രയമില്ലാത്തവർ, വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പദ്ധതിയാണ് ഉദയം ഹോം. ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ഉദയം ഹോമുകൾ ചേവായൂർ, മാങ്കാവ്, വെള്ളിമാട്കുന്ന്, വെള്ളയിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹോമിൽ എത്തിച്ചേരുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെൻഷൻ പോലുള്ള സർക്കാർ- സർക്കാരിതര സേവനങ്ങൾ ഉറപ്പാക്കുക, തുടർ വിദ്യാഭ്യാസവും തൊഴിൽ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഉദയം ഹോമുകൾ ചെയ്തുവരുന്നു. നിലവിൽ മൂന്ന് ഹോമുകളിലുമായി 265-ലേറെ താമസക്കാരുണ്ട്. ജില്ലാ കലക്ടർ ചെയർമാനായ ഉദയം ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
എനേബ്ലിങ് കോഴിക്കോട്
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന എനേബ്ലിങ് കോഴിക്കോട് പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കാവശ്യമായ ചികിത്സ, പുനരധിവാസ സേവനങ്ങൾ എന്നിവ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, എന്നിവ ഉറപ്പുവരുത്തുക തുടങ്ങി ആവശ്യമായ നൂതന പദ്ധതികൾ നടപ്പാക്കി. ഭിന്നശേഷി നേരത്തെ കണ്ടെത്താൻ കമ്മ്യുണിറ്റി ബേസ്ഡ് ഏർലി ഐഡന്റിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ(CDMC) സ്ഥാപിച്ചു. ഭിന്നശേഷിക്കാരുടെ ശാസ്ത്രീയമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് ബഡ് സ്‌കൂളുകൾ നവീകരിക്കാനും പുതിയ മോഡൽ സ്‌കൂളുകൾ നിർമിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വയോജനങ്ങളെ ചേർത്തുപിടിച്ച്:
വയോജന സംരക്ഷണത്തിനായി നിരവധി പദ്ധതികൾ വകുപ്പിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ മാനസിക സന്തോഷത്തിനായി ഹാർട്ട് ടു ഹാർട്ട് പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കലാകായിക പരിപാടികൾ, മത്സരങ്ങൾ, കുടുംബ സമാഗമം, കൗൺസലിങ് എന്നിവ നടപ്പാക്കി.
വയോജന ദിനത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരൻ എം. ടി വാസുദേവൻ നായർ, ചരിത്രകാരൻ എം ജി എസ് നാരായണൻ, സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലൻ എന്നിവരെ ആദരിച്ചു. വയോജന സംരക്ഷണ പദ്ധതികളായ വയോപോഷണം, വയോജന ദിനാചരണം എന്നിവ നടപ്പാക്കി. ഭിന്നശേഷികാർക്കായി സഹജീവനം പദ്ധതി, ലഹരിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാൻ എന്നിവയും നടപ്പാക്കി. കേരള വികലാംഗ ക്ഷേമ കോർപറേഷന്റെ സഹായ ഉപകരണ വിതരണത്തിന്റെ ഭാഗമായി 69 പേർക്ക് ശ്രവണ സഹായികൾ, ഹസ്തദാനം പദ്ധതിയുടെ അനൂകൂല്യം, ഇലക്ട്രോണിക് വീൽചെയർ തുടങ്ങിയവ വിതരണം ചെയ്തു.
സാമൂഹ്യനീതി ഓഫീസ് വഴി വിദ്യാജ്യോതി പദ്ധതിയിലൂടെ 32 പേർക്കാണ് സഹായം ലഭിച്ചത്. വിദ്യാകിരണം 268 പേർക്കും പരിണയം 163 പേർക്കും, മിശ്രവിവാഹ ധനസഹായം 38 പേർക്കും സഹായം ലഭിച്ചതായും ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്‌റഫ് കാവിൽ പറഞ്ഞു.
അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം 16 മുതൽ
അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനത്തിന് കോഴിക്കോട് വീണ്ടും വേദിയാകുന്നു. ഏപ്രിൽ 16 മുതൽ സ്വപ്ന നഗരിയിൽ നടക്കുന്ന പ്രദർശനം വൈകീട്ട് 5.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ്, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
സാന്ത്വന പരിചരണ പ്രവർത്തനത്തിനും, സാസ്‌കാരിക പ്രവർത്തനത്തിനും പുതിയങ്ങാടിയിൽ ഒരു കെട്ടിടം പണിയുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സിബിഷൻ നടത്തുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ,പോലീസ്, ഫയർഫോഴ്‌സ് മെഡിക്കൽ കോളേജ്, കെ റെയിൽ, അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി, മത്സ്യഫെഡ്, ഔഷധി, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ ഇരുപതോളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ട് തുടങ്ങിയവയും സജ്ജമായിട്ടുണ്ട്.
വിജ്ഞാനവും വിനോദവും പ്രദർശനത്തിൽ ആസ്വദിക്കുന്നതോടൊപ്പം കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരവും പൊതുജനങ്ങൾക്കു ലഭിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മേയ് 31 വരെയാണ് പ്രദർശനം.
കോവിഡ് പ്രതിസന്ധിക്കിടയിലും പുത്തനുണർവിൽ ജില്ലയിലെ വ്യവസായ മേഖല
കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ വ്യവസായ മേഖലയിൽ പുത്തനുണർവ്. 2021-22 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ എം.എസ്.എം.ഇ മേഖലയിൽ 1,455 പുതിയ സംരംഭങ്ങളാണ് ആരംഭിച്ചത്. ഈ യൂണിറ്റുകളിൽ ആകെ 134.38 കോടി രൂപയുടെ നിക്ഷേപവും 4,731 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വർഷം ആരംഭിച്ച 1,455 വ്യവസായ യൂണിറ്റുകളിൽ 489 എണ്ണം കാർഷിക-ഭക്ഷ്യാധിഷ്ഠിത മേഖലയിലും 348 എണ്ണം സേവന മേഖലയിലും 125 എണ്ണം ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്‌സ് മേഖലയിലും 106 എണ്ണം ജനറൽ എൻജിനീയറിങ് മേഖലയിലുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം എന്റർപ്രണർ സപ്പോർട്ട് സ്‌കീമിൽ 89 യൂണിറ്റുകൾക്ക് 4.34 കോടിരൂപ സബ്‌സിഡി നൽകി. പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രകാരം 205 യൂണിറ്റുകൾക്ക് 5.1 കോടിരൂപ സബ്‌സിഡിയായി അനുവദിക്കുകയും ചെയ്തു.
കോവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച വ്യവസായ ഭദ്രത ഇന്ററസ്റ്റ് സബ്‌വെൻഷൻ പദ്ധതി പ്രകാരം 137 അപേക്ഷകൾക്ക് 17.74 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. മാർജിൻ മണി ഗ്രാന്റ് ടു നാനോ യൂനിറ്റ് സ്‌കീം പ്രകാരം 39 യൂണിറ്റുകൾക്ക് 1.04 കോടിരൂപയും അനുവദിച്ചു. സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്/കെ സ്വിഫ്റ്റ് ഓൺലൈൻ പോർട്ടൽവഴി കഴിഞ്ഞ സാമ്പത്തിക വർഷം 670 യൂണിറ്റുകൾക്ക് അക്‌നോളജ്‌മെന്റ് നൽകുകയുണ്ടായി.
ജില്ലയിലെ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷം വിവിധതരം പദ്ധതികൾ നടപ്പാക്കാൻ വകുപ്പിന് സാധിച്ചു. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം 3.85 കോടിരൂപ ആയിരത്തോളം തൊഴിലാളികൾക്ക് കൈത്തറി യൂണിഫോം തുണി ഉത്പാദിപ്പിച്ച കൂലിയിനത്തിൽ നൽകി.
കൈത്തറി ഉത്പന്നത്തിന്റെ വിപണന സാധ്യത വർധിപ്പിക്കുന്നതിന് സർക്കാർ റിബേറ്റിനത്തിൽ 96.49 ലക്ഷംരൂപ ജില്ലയിലെ 25 കൈത്തറി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം നൽകി. പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി, സി.ടി.എഫ്, സൊസൈറ്റികളുടെ ആധുനികവത്കരണം, വരുമാന താങ്ങൽ പദ്ധതി എന്നിവകളിലൂടെ 2.24 കോടിരൂപ ജില്ലയിലെ കൈത്തറി മേഖലയ്ക്കായി ചെലവഴിച്ചിട്ടുണ്ട്.
വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മെയ് മൂന്നുവരെ ഉത്സവകാല ഫെയറുകളായി പ്രവർത്തിക്കുന്നു. വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 14) രാവിലെ ഒമ്പത് മണിക്ക് സപ്ലൈകോ കോവൂർ സൂപ്പർ മാർക്കറ്റിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും.
റീ ഇ-ടെണ്ടർ
വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബിൽഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുൾപ്പെടുത്തി നിർവഹണം നടത്തുന്ന പ്രവൃത്തികൾക്ക് ഗവ. അംഗീകൃത കരാറുകാരിൽനിന്നും മത്സരാധിഷ്ഠിത റീ ഇ-ടെണ്ടറുകൾ ക്ഷണിച്ചു. റഅവസാന തിയ്യതി ഏപ്രിൽ 25 വൈകീട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾ വടകര ബ്ലോക്ക് പഞ്ചായത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിൽനിന്നും ലഭിക്കും. ഫോൺ: 0496 2500442 ഇ-മെയിൽ: [email protected]
ഇ-ടെൻഡർ
ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സബ് സെന്ററുകളുടെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മാരാമത്ത് പ്രവൃത്തികളുടെ നിർവഹണത്തിന് പി.ഡബ്ല്യൂ.ഡി രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരിൽനിന്നും ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 26 രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾ ഗ്രാമ പഞ്ചായത്ത് അസി. എൻജിനീയറുടെ ഓഫീസിൽനിന്നും അറിയാം. ഇ-മെയിൽ: [email protected]
റേഷൻ വിഹിതം ഏപ്രിൽ 20നകം വാങ്ങണം
2022 മെയ് മാസത്തെ റേഷൻ വിഹിതം റേഷൻകടകളിൽ മൂൻകൂറായി സൂക്ഷിക്കേണ്ടതിനാൽ ഏപ്രിൽ മാസത്തെ റേഷൻകാർഡുടമകൾ അനുവദിച്ച റേഷൻ വിഹിതം ഏപ്രിൽ 20നകം വാങ്ങി സഹകരിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
ക്ലാർക്ക് നിയമനം: എഴുത്തുപരീക്ഷ 16 ന്
താത്കാലിക അടിസ്ഥാനത്തിൽ 54 ക്ലാർക്കുമാരെ നിയമിക്കുന്നതിനായി എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച 766 പേരുടെ എഴുത്തുപരീക്ഷ ഏപ്രിൽ 16 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഗവ.പോളിടെക്‌നിക് കോളേജ്, വെസ്റ്റ്ഹിൽ, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നടത്തും. എഴുത്തുപരീക്ഷയിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റർവ്യൂ നടത്തിയാണ് ക്ലാർക്കുമാരെ തെരഞ്ഞെടുക്കുന്നതെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ നാച്ചുറൽ സയൻസ് (മലയാളം മീഡിയം) കാറ്റഗറി നമ്പർ 659/12 തസ്തികയുടെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
മാസ്റ്റര്‍ പ്ലാന്‍ അവലോകനത്തിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിന്റെ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖം-പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്തു.പുതിയ ബില്‍ഡിങ്ങിന്റെ വിശദ പദ്ധതിരേഖ ഉടന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. സി.എസ്.ആര്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയില്‍നിന്നുള്ള മൂന്ന് മന്ത്രിമാരുടെ യോഗം ചേരും. പുനരധിവാസ കേന്ദ്രത്തിന് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ മുഖേന ഫണ്ട് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി ഒരാളെ നിയമിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പി എം.കെ രാഘവന്‍, സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി രമേശന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, മുന്‍ എം.എല്‍.എ മാരായ വി.കെ.സി മമ്മദ്കോയ, എ.പ്രദീപ് കുമാര്‍, പിഡബ്ല്യൂഡി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.