പട്ടികജാതി പ്രൊമോട്ടർ പരീക്ഷ ഏപ്രിൽ മൂന്നിന്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

താത്കാലിക ഡോക്ടർ, ഫാർമസിസ്റ്റ് അഭിമുഖം നാളെ

മലപ്പുറം ജില്ലയിലെ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് താൽകാലികമായി ഈവനിംഗ് ഒ.പി ഡോക്ടർ, ഈവനിംഗ് ഒ.പി ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിനായി നാളെ (മാർച്ച് 31) അഭിമുഖം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 9847495311, ഇ-മെയിൽ: [email protected]

താത്കാലിക നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള എളമരം സബ്‌സെന്ററിലേക്ക് 2ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ എന്നീ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഏപ്രിൽ ഒന്നിനാണ് അഭിമുഖം. ജൂനിയർ പബ്ലിക് ഹെൽത്ത് അഭിമുഖം രാവിലെ 10 മണിക്കും ലാബ് ടെക്‌നിഷ്യൻ അഭിമുഖം രാവിലെ 11നും നടത്തും. അപേക്ഷ മാർച്ച് 31 വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോൺ: 9847495311, ഇ-മെയിൽ: [email protected]

പട്ടികജാതി പ്രൊമോട്ടർ പരീക്ഷ ഏപ്രിൽ മൂന്നിന്

ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിലെ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രൊമോട്ടർമാരായി നിയമിക്കപ്പെടുന്നതിനുള്ള ഒ.എം.ആർ പരീക്ഷ ഏപ്രിൽ മൂന്നിന് മലബാർ ക്രിസ്ത്യൻ കോളേജിൽ നടത്തും. പകൽ 11 മുതൽ 12 വരെയാണ് പരീക്ഷ. വിവരങ്ങൾക്ക് ഫോൺ: 0495-2370379.

ക്വട്ടേഷൻ ക്ഷണിച്ചു

2021-2022 സാമ്പത്തിക വർഷത്തെ ഡിടിപിസി കോഴിക്കോടിന്റെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിനും – ഡിടിപിസിയുടെ അസറ്റ് രജിസ്റ്റർ തയ്യാർ ചെയ്ത് നൽകുന്നതിനുമായി ചാർട്ടേഡ് അക്കൗണ്ടന്മാരിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ എട്ട് വരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് 0495 -2720012

താത്പര്യപത്രം: തീയതി നീട്ടി

ജില്ലയിലെ വിവിധ ഉത്പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് ഏജൻസികളിൽനിന്നും താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി എപ്രിൽ അഞ്ച് വൈകീട്ട് മൂന്ന് വരെ നീട്ടി. വിവരങ്ങൾക്ക് www.dtpckozhikode.com. ഫോൺ: 0495 2720012.

ലേലം

കോഴിക്കോട് റൂറൽ പോലീസ് പരിധിയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത തോക്കുകളുടെയും തിരകളുടെയും ഡിസ്‌പോസ് ചെയ്ത അവശിഷ്ടങ്ങൾ ഏപ്രിൽ അഞ്ച് പകൽ 11ന് അസി. കമാണ്ടന്റിന്റെ കാര്യാലയത്തിൽ പൊതുലേലം ചെയ്യും. വിവരങ്ങൾക്ക് 0496 2523031.

മാമ്പുഴ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

മാമ്പുഴ തീരം സംരക്ഷിക്കാൻ ജൈവപുതപ്പ് സ്ഥാപിക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ജൈവ വൈവിധ്യ ബോർഡ് സഹായവും സംയോജിപ്പിച്ചാണ് പ്രവൃത്തി നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപയും ജൈവ വൈവിധ്യ ബോർഡിന്റെ മൂന്ന് ലക്ഷം രൂപയും ഉപയോഗപ്പെടുത്തി 700 മീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം സ്ഥാപിച്ച് രാമച്ചം, മുള, മാവിൻ തൈകൾ തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വരെ തുടർ പദ്ധതിയായി ഇത് നടത്തുന്നതിനും പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, ദീപ കാമ്പുറത്ത്, വികസന സമിതി കൺവീനർ കെ അശോകൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ, പഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക, ബി.എം.സി ജില്ലാ കോ-ഓർഡിനേറ്റർ എൻ മഞ്ജു, കെ അഭിജേഷ്, സി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

വെയർഹൗസിങ് കോർപറേഷൻ സി.എസ്.ആർ ഫണ്ട് കൈമാറി

സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ്കുമാർ സി.എസ്.ആർ ഫണ്ടിന്റെ ആദ്യഗഡു 5 ലക്ഷംരൂപ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറി. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡാനന്തര ചികിത്സാ സൗകര്യങ്ങളൊരുക്കാനായി ഫണ്ട് വിനിയോഗിക്കും. കേരളത്തിലൊട്ടാകെ അനുവദിച്ചിട്ടുള്ള 1.17 കോടിയിൽ 10 ലക്ഷംരൂപയാണ് കോഴിക്കോടിന് വകയിരുത്തിയിട്ടുള്ളതെന്ന് വെയർഹൗസിങ് കോർപറേഷൻ റീജ്യണൽ മാനേജർ ബി.ആർ. മനീഷ് അറിയിച്ചു. കൺസൽട്ടന്റ് ബി. ഉദയഭാനു, വെയർഹൗസിങ് കോർപറേഷൻ കോഴിക്കോട് പ്രതിനിധികളായ അനൂപ്, ദിവ്യ എന്നിവർ പങ്കെടുത്തു.

തെളിനീരൊഴുകും നവകേരളം’ സമ്പൂർണ്ണ ജലശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷൻ /ജേണലിസം / മൾട്ടിമീഡിയ ബിരുദ, ബിരുദാന്തര ബിരുദ വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണ് പ്രധാന ചുമതലകൾ. ഏപ്രിൽ 30വരെ നീണ്ടുനിൽക്കുന്ന ‘പരിപാടിയുടെ ഭാഗമാകാൻ www.sanitation.kerala.gov.in സന്ദർശിക്കുക.

മന്ത്രിസഭാ വാര്‍ഷികം: സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ഏപ്രില്‍ 19 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് വൈകിട്ട് 5 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, വെള്ളയില്‍ പി.ഒ., കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0495-2766035, 8137012889.