‘മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചെന്നാരോപിച്ച് പ്രവിതയെ ബന്ധുക്കൾ മാനസികമായി പീഡിപ്പിച്ചു, ആത്മഹത്യ കുറിപ്പും നശിപ്പിച്ചു’; കൊയിലാണ്ടി കൊല്ലത്ത് പിഞ്ചു കുഞ്ഞിനെയും കൊണ്ട് യുവതി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബന്ധുക്കൾ
കൊയിലാണ്ടി: നടേരി സ്വദേശിനി പിഞ്ചു കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കൊല്ലം സില്‍ക്ക് ബസാറില്‍ കൊല്ലംവളപ്പില്‍ സുരേഷിന്റെ ഭാര്യ പ്രവിത, ഒമ്പത് മാസം പ്രായമുള്ള മകള്‍ അനുഷ്കയുമാണ് ആത്മഹത്യ ചെയ്തത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം 30നായിരുന്നു കൊല്ലം റെയിൽവേ ഗേറ്റിന് സമീപം പ്രവിത മകളെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. അമ്മയുടെ പെൻഷൻ പണവുമായി ബന്ധപ്പെട്ട് തന്റെ ബന്ധുക്കൾ പ്രവിതയെ പീഡിപ്പിച്ചിരുന്നു. തന്റെ ബന്ധുക്കളുടെ പീഢനമാണ് ഭാര്യ മരിക്കാന്‍ കാരണമെന്നും പ്രവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവിന്റെ അമ്മയുടെ പെന്ഷന് പണമായ മൂന്ന് ലക്ഷം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ബന്ധുക്കള്‍ പ്രവിതയെ പീഡിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് മരിച്ച ശേഷം അവരുടെ പണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ പ്രവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തന്റെ സഹോദരിയും സഹോദരനും സഹോദരി പുത്രനും ഭാര്യയെ മാനസികമായി പീഡിപ്പിച്ചെന്ന് ഭര്‍ത്താവ് സുരേഷ് ആരോപിച്ചു. പ്രവിതയുടെ മരണ ശേഷം സഹോദരി മുറിയില്‍ കയറി ആത്മഹത്യ കുറിപ്പ് നശിപ്പിച്ചെന്നും സുരേഷ് പറഞ്ഞു.
ഭര്‍ത്താവിന്റെ ജ്യേഷ്ഠന് നല്‍കാനായി അമ്മ തന്നെയാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതെന്നും പ്രവിത സഹോദരനോട് പറഞ്ഞിരുന്നു. അതിന്റെ തെളിവ് ബാങ്കില്‍ നിന്നു ലഭിക്കുമായിരുന്നെന്നും അതന്വേഷിക്കാതെയാണ് പ്രവിതയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പീഡിപ്പിച്ചതെന്നുമാണ് ആരോപണം.
Summary: Pravita’s husband’s relatives tortured her mentally and destroyed her suicide note’; More details of the suicide of Kollam native pravitha