അണിയറയില്‍ കൈതക്കല്‍ എന്ന നാടിനെ ചേര്‍ത്ത്പ്പിടിച്ച നൂറ്കണക്കിന് പേര്‍; “പ്രസാദ് കൈതക്കലിന്റെ ‘പൊരിവെയിലിലും പെരുമഴയിലും’ പുസ്തക പ്രകാശനം ആഘോഷമാക്കി നാട്, ഇങ്ങനെയും ഒരു പുസ്തക പ്രകാശനമോ !
കന്നൂര്‍: കക്ഷി രാഷ്ട്രീയ ഭേദം മറന്ന് ഒറ്റക്കെട്ടായി ആളുകള്‍ ഒത്തുകൂടുക, മതിമറന്ന് സന്തോഷം പങ്കിടുക. ഉള്ളിയേരിയിലെ കന്നൂര് ഇന്നലെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കൈതക്കല്‍ എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന എഴുത്തുകാരന്‍ പ്രസാദ് കൈതക്കലിന്റെ പുസ്തകപ്രകാശനമാണ് ഒരു നാട് ഇന്നലെ ആഘോഷമാക്കി തീര്‍ത്തത്.
കൈതക്കലില്‍ നിന്നും കന്നൂരില്‍ നിന്നുമടക്കം ആയിരത്തോളം പേരാണ് ഇന്നലെ കന്നൂര്‍ യുപി സ്‌ക്കൂള്‍ ഗ്രൗണ്ടിലെത്തിയത്. പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ കെഇഎന്‍ കുഞ്ഞഹമ്മദ് ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ‘വെറുപ്പിനും വിഭജനത്തിനും എതിരായുള്ള കൂട്ടായ്മകള്‍ നാട്ടില്‍ രൂപപ്പെടണം. വലിയ വലിയ ആളുകള്‍ നാടിനായി ചെയ്യുന്ന കാര്യങ്ങളും അതുണ്ടാക്കിയ മാറ്റങ്ങളും നമ്മള്‍ പഠിക്കുന്നുണ്ട്. അതുപോലെ തന്നെ നാട്ടിന്‍പുറത്തുള്ള സാധാരണ മനുഷ്യന്മാരും അവരുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട് നാടിന്. അങ്ങനെയാണ് ഓരോ നാടും മെച്ചപ്പെടുന്നത്. പക്ഷേ അവര്‍ ചരിത്രത്തിലൊന്നുമില്ലാതായി പോവുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ആളുകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക എന്ന് പറയുന്ന ധര്‍മമാണ് ‘പൊരിവെയിലിലും പെരുമഴയിലും’ എന്ന പുസ്തകം ചെയ്യുന്നതെന്ന് കെഇഎന്‍ പറഞ്ഞു.
”സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് പ്രശ്‌നങ്ങളെ നോക്കികാണുന്ന അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി. അതായത് ഒറ്റക്കണ്ണിലൂടെയല്ല രണ്ട് കണ്ണുകളിലൂടെയും കാഴ്ചകള്‍ കാണുന്നുവെന്നുള്ളതാണ് പുസ്തകത്തിന്റെ പ്രത്യേകതയെന്ന് പുസ്തകം സദസിന് പരിചയപ്പെടുത്തിക്കൊണ്ട് മലയാളം സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.എം.ജി മല്ലിക പറഞ്ഞു. പുതിയ കാലത്തെ എഴുത്തുകാരനായ വിജീഷ് പരവരിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
ദീപ പി എം, സഖാവ് എൻ ആലി, പ്രൊഫ.കെ പാപ്പുട്ടി, വിജയകുമാർ ബ്ലാത്തൂർ, കാവിൽ.പി.മാധവൻ, പ്രദീപ്കുമാർ കാവുന്തറ,മുഹമ്മദ് പേരാമ്പ്ര, വിജീഷ് പരവരി, എം.ബിജുകുമാർ, മണലിൽ മോഹനൻ, ബിജു ടിആർ പുത്തഞ്ചേരി,സുരേഷ് കുമാർ ആലങ്കോട്, ഗീത പുളിയാറയിൽ , രേഖ കടവത്ത് കണ്ടി, ബീന ടീച്ചർ, ഇ എം ദാമോദരൻ, സതീഷ് കന്നൂര്, ധർമ്മരാജ് കുന്നനാട്ടിൽ വി.എം രാമചന്ദ്രൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.
ടി.കെ ബാലകൃഷ്ണന്‍ സ്വാഗതവും വി.എം രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. പ്രസാദ് കൈതക്കല്‍ മറുപടി പ്രസംഗം നടത്തി.
പ്രകാശന പരിപാടിയോടനുബന്ധിച്ച് വയനാട് നാട്ടുകൂട്ടം ഗോത്രയാത്ര എന്ന പേരില്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. ശേഷം സ്‌ക്കൂള്‍ കലോത്സവത്തില്‍ മികവ് തെളിയിച്ച കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേരി. അലോഷി ആദം നയിച്ച സംഗീത സായാഹ്നത്തോടെയാണ് പരിപാടി അവസാനിച്ചത്.