പുരസ്‌കാര നേട്ടങ്ങളുമായി ‘ആശ’; മികച്ച മ്യൂസിക് വീഡിയോ സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി പ്രജിത്ത് നടുവണ്ണൂര്‍


നടുവണ്ണൂര്‍: പ്രജിത്ത് നടുവണ്ണൂരിന് വീണ്ടും പുരസ്‌ക്കാരങ്ങളുടെ നേട്ടം. പന്ത്രണ്ടാമത് നിംസ് മീഡിയ സിറ്റി എ.ടി.ഉമ്മര്‍ ഷോര്‍ട്ട് ഫിലിം, പതിമൂന്നാമത് മീഡിയ സിറ്റി ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് എന്നിവയില്‍ മികച്ച മ്യൂസിക് വീഡിയോ സംവിധായകനുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

ഭിന്നശേഷി കുട്ടിയുടെ ആശകള്‍ ആവിഷ്‌കരിച്ച ‘ആശ’ ദൃശ്യ ഗീതത്തിന്റെ സംവിധായകനാണ് പ്രജിത്ത് നടുവണ്ണൂര്‍.
തിരുവനന്തപുരത്ത് ശ്രീ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വക്കറ്റ് ജി.ആര്‍. അനിലില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മുഹമ്മദ് സി. അച്ചിയത്ത് രചിച്ച് വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത ‘ആശ’ ദൃശ്യ ഗീതത്തില്‍ വിദ്യാധരന്‍ മാസ്റ്ററും ഹരിചന്ദന നടുവണ്ണൂരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതോടെ പ്രജിത്ത് നടുവണ്ണൂരിന് അഞ്ച് പുരസ്‌കാരങ്ങള്‍ ലഭ്യമായി.
മുഹമ്മദ് സി.അച്ചിയത്ത് രചിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം ചെയ്ത് ഫ്‌ലവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ പാടി ശ്രദ്ധേയരായ തീര്‍ത്ഥ സുഭാഷും, ഹരിചന്ദന നടുവണ്ണൂരും ആലപിച്ച ‘ചങ്ങാത്തം’ എന്ന ദൃശ്യ ഗീതത്തിന്റെ ഒരുക്കത്തിലാണ് ഇപ്പോള്‍ പ്രജിത്ത് നടുവണ്ണൂര്‍.

പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മുന്‍ മന്ത്രിമാരായ വി.സുരേന്ദ്രന്‍ പിള്ള, കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ചലച്ചിത്ര സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.