പതിനാറ് പോസ്റ്റുകള്‍ പൊട്ടി, നിരവധിയിടങ്ങളിലും ലൈനുകളും; മൂടാടി സെക്ഷന്‍ പരിധിയില്‍ ഒരിടത്തും വൈദ്യുതി വിതരണം ഇല്ല
മൂടാടി: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മൂടാടി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ബന്ധം തകരാറിലായി. സെക്ഷന്‍ പരിധിയില്‍ വരുന്ന പതിനാല് എല്‍.ടി പോസ്റ്റുകളും രണ്ട് എച്ച്.ടി പോസ്റ്റുകളും പൊട്ടിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ഇതിനു പുറമേ മിക്കയിടത്തും എല്‍.ടി ലൈനുകള്‍ പൊട്ടിയിട്ടുണ്ട്.
ജീവനക്കാര്‍ പൊട്ടിയ ലൈനുകള്‍ ഐസലേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. സെക്ഷന്‍ ബോര്ഡറില്ഒരു ഫീഡറും ഇതുവരെ ലഭ്യമായിട്ടില്ലെന്നതിനാല് ഒരിടത്തും സപ്ലൈ പുനസ്ഥാപിക്കാനായിട്ടില്ല.
കൊയിലാണ്ടിയിലും മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിനകം തന്നെ 30 ഇടങ്ങളില്‍ ലൈന്‍ പൊട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്. മൂന്നിടങ്ങളില്‍ പോസ്റ്റ് തകര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ തെങ്ങ് വീണതായും പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ കൊയിലാണ്ടി നഗരത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.