കിലോയ്ക്ക് 100 മുതല്‍ 120രൂപവരെ; സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക്100 രൂപ മുതല്‍ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാസങ്ങള്‍ക്ക് മുന്‍പ് 180 രൂപ മുതല്‍ 240 വരെയായിരുന്നു കോഴിയുടെ വില. സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് ഉത്പാദനം ഉയര്‍ന്നതും ഒപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടിയതുമാണ് വില കുത്തനെ കുറയാന്‍ കാരണമായത്.
കോഴിയെ വളര്‍ത്തുന്ന ചെലവ് കൂടുകയും വില കുറയുകയും ചെയ്യുന്നത് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പ്രതിസന്ധി തീര്‍ക്കുകയാണ്. 70 രൂപയോളം വളര്‍ത്തു ചെലവ് വരുന്ന കോഴിക്ക് 50 മുതല്‍ 60 രൂപ വരെയാണ് ഇടനിലക്കാര്‍ നല്‍കുക. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ചിക്കന്റെ വില 80 രൂപ വരെ എത്തിയിരുന്നു. ഇപ്പോള്‍ 100 ലേക്കെത്തിയപ്പോള്‍ പ്രതീക്ഷ നല്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം ചില്ലറ വിപണികളില്‍, കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.
പ്രാദേശിക ഉത്പാദനം കൂടാന്‍ കാരണം കാലാവസ്ഥ അനുകൂലമായതാണ്. ചൂടുള്ള കാലാവസ്ഥയെക്കാള്‍ മഴക്കാലത്താണ് ഇറച്ചിക്കോഴി ഉത്പാദനം വര്‍ധിക്കുന്നത്. ഉത്പാദനം കൂടിയതിനൊപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പകുതി വിലക്ക് കേരളത്തിലേക്ക് കോഴകള്‍ എത്തിയതോടു കൂടി വിപണിയില്‍ ചിക്കന്റെ വില കൂപ്പുകുത്തി. രണ്ട് മാസം മുന്‍പ് 220-240 രൂപ വരെ ഉണ്ടായിരുന്ന കോഴി വില 170 ലേക്കും പിന്നീട് 120 രൂപയിലെത്തി. കഴിഞ്ഞ ആഴ്ചകളില്‍ ഇത് 100 രൂപക്ക് താഴെയും എത്തി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന് ഇന്നത്തെ വില 106 രൂപയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍, കുറഞ്ഞ വിലയില്‍ കോഴി ഇറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് കേരള ചിക്കന്‍.