മൂടാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച റിനീഷിന്റെയും ഷിജിയുടെയും പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും; സംസ്‌കാരം വൈകീട്ട്


കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെയും വീട്ടമ്മയുടെയും മൃതദേഹങ്ങള്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ വൈകീട്ടോടെ ഇരുവരുടെയും വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34), വിയ്യൂര്‍ മണക്കുളം കുനി ഷിജി (38) എന്നിവരെയാണ് ഇന്ന് വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.

നേരത്തേ ഷിജിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ശിവദാസന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 22 മുതലാണ് ഷിജിയെ കാണാതായത്. പരേതനായ നാരായണന്റെയും നാരായണിയുടെയും മകളാണ് ഷിജി. മകന്‍ ആദിത്യന്‍, സഹോദരന്‍ ഷിജു.

ഇന്ത്യന്‍ ആര്‍മ്മിയിലെ സൈനികനാണ് മരിച്ച റിനീഷ്. രാഘവന്‍ നായരുടെയും രാധയുടെയും മകനാണ്. പരേതയായ ബാനി രശ്മിയാണ് ഭാര്യ. മകള്‍ ശ്രീമോള്‍, സഹോദരങ്ങള്‍ രഞ്ജിത്ത് (സൈനികന്‍), രാഗേഷ്.