തിങ്ങി നിറഞ്ഞ പുരുഷാരം സാക്ഷിയാകും; കണ്ണഞ്ചിപ്പിക്കുന്ന കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ പൂവടി ഇന്ന്, പണിപ്പുരയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ചാത്തോത്ത് തറവാട്


കെ.ടി രാജന്‍ പയ്യോളി

പയ്യോളി: കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് വേറിട്ട അനുഭവം സമ്മാനിക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കീഴൂര്‍ മഹാ ശിവക്ഷേത്രം. അധികം കണ്ടു വരാത്ത ചടങ്ങുകളില്‍ ഒന്നായ പൂവെടി ചടങ്ങ് കീഴൂര്‍ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. ക്ഷേത്രം ഉണ്ടായ കാലം മുതലേ പൂവടിയും നടന്നുവരുന്നു.

ഉത്സവത്തിന്റെ സമാപന ദിവസം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളത്ത് കീഴൂര്‍ പൂവടിത്തറയില്‍ എത്തിയാല്‍ ഭഗവാന്‍ പൂവെടിത്തറയില്‍ ഇരുന്ന് പൂവെടി കാണും എന്നാണ് ഐതിഹ്യം. പൂവെടി അവകാശിയായ ചാത്തോത്ത് തറവാട്ട് ആചാരിയുടെ കര്‍മ്മത്തിന് ശേഷം പൂവെടിയുടെ മുകളില്‍ കയറി മൂന്നുവട്ടം കുരവയിടും തുടര്‍ന്ന് കമ്പവലിയട്ടെ എന്ന് വിളിച്ചു പറയും പിന്നീട് പൂവെടിത്തറയിലെ വിളക്കില്‍ നിന്ന് അഗ്‌നി ഏറ്റുവാങ്ങി പൂവെടിക്ക് തിരികൊളുത്തും.

ഉത്സവത്തിന്റെ കൊടിയേറ്റം കഴിഞ്ഞാണ് പൂവെടിത്തട്ടിന്റെ ജോലി ആരംഭിക്കുന്നത്. കവുങ്ങും മുളയും ഉപയോഗിച്ചുള്ള 7 തട്ടുകളാണ് നിര്‍മ്മിക്കുക ഒരുതട്ടിന് 36 അറകളാണുള്ളത്. ഏറ്റവും മുകള്‍ഭാഗത്തെ തട്ടിന് നിലാത്തിരി കോട്ട എന്നുപറയും. നിലാത്തിരി കോട്ടക്കും മുകളിലായി രൂപപ്പെടുത്തിയചക്രം ചൂളം വിളികളോടെ കത്തികറങ്ങുന്ന കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതാണ്.

പൂവെടിത്തട്ട് നിര്‍മ്മാണത്തിന് ചാത്തോത്ത് തറവാട്ടിലെ ശിവാനന്ദന്‍ ആചാരിയാണ് നേതൃത്വം കൊടുക്കുന്നത്. തന്റെ പിതാവ് ഗോപാലന്‍ ആചാരിയില്‍ നിന്നുമാണ് പൂവെടിത്തട്ടിന്റെ നിര്‍മ്മാണ ജോലി ഒരവകാശമായി ഏറ്റെടുത്തിരിക്കുന്നത്. പിതാവിന്റെ കൂടെ 25 വര്‍ഷവും 15 വര്‍ഷമായി സ്വന്തമായും ഈ ജോലി ചെയ്തു വരുന്നു. സഹോദരങ്ങളായ ഷാജിയും
ബിജുവും സഹോദരി പുത്രന്‍ സിജുവും പൂവെടിത്തട്ട് നിര്‍മ്മാണത്തില്‍ സഹായിച്ചുവരുന്നു. ഇന്ന് രാത്രി 11.30 ന് ശേഷം പൂവെടി കീഴൂര്‍ പൂവെടിത്തറക്ക് സമീപത്തായി അരങ്ങേറും.