രംഗപടവും ചായവും ചമയവുംകൊണ്ട് നിരവധി നാടകങ്ങള്‍ക്ക് ജീവന്‍പകര്‍ന്ന കലാകാരന്‍; ശശി കോട്ട് ചിത്രകലയുടെ അപൂര്‍വ്വ പ്രതിഭ


 

ചേമഞ്ചേരി: പൂക്കാട് സ്വദേശിയായ അതുല്യകലാകാരന്‍ ശശി കോട്ട് വിട വാങ്ങിയതിലൂടെ ചിത്രകലയ്ക്ക് നഷ്ടമാകുന്നത് അപൂര്‍വ്വ പ്രതിഭയെ. അഞ്ചു പതിറ്റാണ്ടു നീണ്ട കലാ സപര്യയില്‍ കലാലോകത്തിന് ഒരുപാട് അടയാളങ്ങള്‍ ബാക്കിവെച്ചാണ് യാത്രയായത്. രംഗപട ചിത്രീകരണത്തിലാണ് ശശി കോട്ടിന്റെ ചിത്ര വിസ്മയങ്ങള്‍ സഹൃദയ ലോകം ഏറെ ആസ്വദിച്ചത്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ നാടകവേദികളില്‍ രംഗപടവും ചായയും ചമയവും തീര്‍ക്കുകയും ആഘോഷനഗരികളെ വര്‍ണാഭമാക്കുകയും ചെയ്തു അദ്ദേഹം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് സതി കിഴക്കയിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവൻകയ്യിൽ, വിജയൻ കണ്ണഞ്ചേരി സെക്രട്ടറി ടി അനിൽകുമാർ എന്നിവർ അന്തിമോചാരമർപ്പിച്ചു

പ്രൊഫഷണല്‍ -അമേച്ചര്‍ ഭേദങ്ങളില്ലാതെ നാടകങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ശശി കോട്ടിന് കഴിഞ്ഞിരുന്നു. പൂക്കാട് കലാലയമൊരുക്കിയ ‘നെല്ല്” നാടകത്തിലെ രംഗ പടത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് ശശിയെ തേടിയെത്തി. നാടകത്തിന്റെ ചമയത്തിലും ശശി കോട്ട് അദ്വിതീയ പാടവം തെളിയിച്ചു. പുരാണ നാടകങ്ങള്‍ക്കും സാമൂഹ്യ നാടകങ്ങള്‍ക്കും രംഗപടവും ചായം ചമയവും ഒരുക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. മനോജ് നാരായണന്‍, ഗോപിനാഥ് കോഴിക്കോട്, പ്രദീപ് കുമാര്‍ കാവുന്തറ, ശശി നാരായണന്‍, സതീശ്.കെ.സതീഷ്, ഇബ്രാഹിം വേങ്ങര, ജയപ്രകാശ് കുളൂര്‍ എന്നീ പ്രശസ്ത സംവിധായകരുടെ നാടകങ്ങള്‍ക്ക് ശശികോട്ട് രംഗപടമൊരുക്കിയിട്ടുണ്ട്.


Also Read: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു


പ്രധാന നാടക സംവിധായകരക്കെല്ലാം ശശി കോട്ടിന്റെ സാന്നിധ്യം ഒഴിവാക്കാനാവാത്തതായിരുന്നു. പ്രതിഭപ്രധാന രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും സമ്മേളന വേദികളൊരുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘാടകര്‍ ശശി കോട്ടിനെ തേടിയെത്തുമായിരുന്നു. പോര്‍ട്രൈറ്റ് രചനയാണ് ഈ ചിത്രകാരന്റെ മറ്റൊരു രചനാ വേദി. പൂക്കാട് കലാലയത്തില്‍ നിന്നും ചിത്രരചനയുടെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ശേഷം യൂനിവേഴ്‌സല്‍ ആര്‍ട്ട്‌സില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. ഒട്ടേറെ ശിഷ്യര്‍ക്ക് ചിത്രരചനയുടെയും ചമയത്തിന്റെയും രംഗപടത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഗുരുനാഥന്‍ കൂടിയാണ് ശശി കോട്ട്.

പൂക്കാട് കലാലയത്തിന് വേണ്ടി പ്രസിഡണ്ട് യു കെ രാഘവൻ, സെക്രട്ടറി സുനിൽ തിരുവങ്ങൂർ, സൂരേഷ് ഉണ്ണി, എ കെ രമേശ്, പി അച്ചുതൻ എന്നിവർ അന്തിമോചാരം അർപ്പിച്ചു

സംഗീത നാടക അക്കാദമി പുരസ്‌കാരം കൂടാതെ ദാമു കാഞ്ഞിലശ്ശേരി സ്മരക പുരസ്‌കാരം, ടി.പി.ദാമോദരന്‍ നായര്‍ കീര്‍ത്തി മുദ്ര, ഹര്‍ഷന്‍ സ്മാരക പുരസ്‌കാരം, പൂന്തുരുത്തി മാധവ പണിക്കരുടെ സ്മരണയില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ കലാപ്രവര്‍ത്തകനുള്ള മാധവീയം പുരസ്‌കാരം തുടങ്ങിയവയും നേടിയിട്ടുണ്ട്.

പൂക്കാട് കലാലയത്തിന്റെ പ്രോഗ്രാം സെക്രട്ടറി, പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാലയത്തിന്റെ സ്ഥാപക കാല അംഗമാണ്.

ശശി കോട്ടിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് നിറങ്ങളുടെയും നിഴലുകളുടെയും വെളിച്ചത്തിന്റെയും ലോകത്തെ മഹാപ്രതിഭയെയാണെന്ന് നിസ്സംശയം പറയാം.