പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം; അഖിലകേരള നൃത്തോത്സവം ജനുവരി 13,14 തിയ്യതികളില്‍


പൂക്കാട്: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് അഖിലകേരള നൃത്തോത്സവം ജനുവരി 13,14 തിയ്യതികളില്‍ നടക്കും. കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് ജനുവരി 13ന് തെരഞ്ഞെടുത്ത നൃത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന നൃത്തപഠന ശിബിരം -ഭരതാര്‍ണവം നടക്കും.

രണ്ടു ദിവസങ്ങളിലായി കേരളത്തിനകത്തും പുറത്തുമുള്ള 18 ഓളം അതിഥി നൃത്തസംഘങ്ങള്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. വൈകീട്ട് ആറുമണി മുതല്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഡാന്‍സ് ഡ്രാമ, നൃത്തശില്പങ്ങള്‍ എന്നിവ
അരങ്ങേറും. നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 13ന് വൈകിട്ട് സുവര്‍ണജൂബിലി ചെയര്‍മാന്‍ വി.ടി. മുരളിയുടെ അധ്യക്ഷതയില്‍ കാലടി സംസ്‌കൃത സര്‍വകലാശാല നൃത്ത വിഭാഗം മുന്‍ മേധാവി ഡോ. വേണുഗോപാലന്‍ നായര്‍ നിര്‍വഹിക്കും.

ഡോ. കലാമണ്ഡലം ബിജിന ആന്‍ഡ് സുരേന്ദ്രനാഥ് ഹൈദരാബാദ്, നൃത്തകൗമുദി പ്രസാദ് ഭാസ്‌കര കണ്ണൂര്‍, കലാമണ്ഡലം സത്യവ്രതന്‍, പ്രദീപ് ഗോപാല്‍, ഭരതാഞ്ജലി മധുസൂദനന്‍, ജിനിദ് ലു ദാദ് തൃശൂര്‍, ഡോ.നീതു ഉണ്ണി, ആതിര ഉണ്ണി കണ്ണൂര്‍,
ശ്രീമതി ദേവി കൃഷ്ണ തൃശ്ശൂര്‍, ഹരീഷ് ആന്‍ഡ് വബിന കോഴിക്കോട്, കലാക്ഷേത്ര ഗായത്രി ഷാലുരാജ്, മായ സിത്താര നൃത്ത കലാലയം, പ്രമീള ഗിരീഷ് സോപാനം, അതുല്യാദേവി നന്മണ്ട, സുനീഷ് പാലത്ത്, ആര്‍ദ്ര പ്രേം, കലാമണ്ഡലം ദിയ ദാസ്, കഥകളി വിദ്യാലയം ചേലിയ, നൂപുരം നൃത്ത വിദ്യാലയം തുടങ്ങിയ സഹോദരനൃത്തസംഘങ്ങളും രണ്ട് ദിവസങ്ങളിലായി നൃത്തവേദിയെ സമ്പന്നമാക്കും.

ജനുവരി 14ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് ഒരു ആയുഷ്‌കാലം മുഴുവന്‍ നൃത്തരംഗത്തിനുവേണ്ടി സമര്‍പ്പണം ചെയ്ത ജനാര്‍ദ്ദന്‍ വാടാനപ്പള്ളി, കലാമണ്ഡലം ഗീതാ മാധവന്‍, പത്മിനി ഭരതശ്രീ, ചെറിയേരി നാരായണന്‍ നായര്‍, കലാമണ്ഡലം രേബ രാജന്‍, കലാമണ്ഡലം സത്യവ്രതന്‍, ഭരതാഞ്ജലി മധുസൂദനന്‍, രാധാകൃഷ്ണന്‍ ഭരതശ്രീ, കലാമണ്ഡലം പ്രേംകുമാര്‍ എന്നീ കലാകാരന്മാരെ ആദരിക്കുമെന്ന് സുനില്‍ തിരുവങ്ങൂര്‍, യു.കെ രാഘവന്‍, ശിവദാസ് കാരോളി, കെ. ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.