പുതു തലമുറയ്ക്ക് ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണം; പൂക്കാട് കലാലയം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം


കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമാപന ആവണിപ്പൂവരങ്ങ് ഉദ്ഘാടനം നടന്‍ സലീംകുമാര്‍ നിര്‍വ്വഹിച്ചു. ഒച്ചപ്പാടുകള്‍ക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നല്‍കി ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണമെന്ന് ചലചിത്ര നടന്‍ ഭരത് സലീം കുമാര്‍ പറഞ്ഞു.

പരസ്യങ്ങളുടെ പുളപ്പുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ മുദ്ര തിരിച്ചറിയാന്‍ നവ സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ സമാപനം ആവണിപ്പൂവരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ശശി കോട്ട് സ്മാരക നഗരിയില്‍ നടന്ന പരിപാടിയില്‍ പിന്നണി ഗായകനും സ്വാഗത സംഘം ചെയര്‍മാനുമായ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ഡോ: എം.ആര്‍. രാഘവ വാര്യരെ കെ.കെ.ടി. ശ്രീനിവാസന്‍ സ്‌നേഹോപഹാരവും പൊന്നാടയും ചാര്‍ത്തി ആദരിച്ചു. കലാലയത്തിന്റെ കനക ജൂബിലി സ്മരണിക ചില്ല പത്രാധിപര്‍ ഇളയിടത്ത് വേണുഗോപാല്‍ എം.വി.എസ്. പൂക്കാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ശിരോമണി രാജരത്‌നം പിള്ള എന്‍ഡോവ്‌മെന്റ് കലാലയം നൃത്തവിദ്യാത്ഥിനി രൂഗ്‌നാ രാജിന് പി.ജി. ജനാര്‍ദ്ദനന്‍ പിള്ള വാടാനപ്പള്ളി സമര്‍പ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി, പി.ടി.എ.പ്രസിഡന്റ് റിനു രമേശ്, യു.കെ.രാഘവന്‍, സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.