നാടക കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഞ്ഞൂറോളം കുട്ടികൾ; കൗതുകമായി പൂക്കാട് കലാലയം കളി ആട്ടം നാടക സാംസ്ക്കാരിക ഘോഷയാത്ര


ചേമഞ്ചേരി: പൂക്കാട് കലാലയം കളി ആട്ടത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരിയിലേയ്ക്കു നടന്ന നാടക സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി. ചേമഞ്ചേരിയിലും പരിസരത്തുമുള്ള ഒരു നൂറ്റാണ്ടുകാലത്തെ നാടക ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു പരിപാടി. അഞ്ഞൂറോളം കുട്ടികൾ വിവിധ കാലഘട്ടങ്ങളിലെ നാടക കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഘോഷയാത്രയിൽ അണിനിരന്നു. നാടക സമിതികൾക്ക് നേതൃത്വം നൽകുകയും നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്ത നാടക പ്രവർത്തകരുടെ ഛായാചിത്രങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു യാത്ര.

കാഞ്ഞിലശ്ശേരി മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ.എൻവി സദാനന്ദൻ ചേമഞ്ചേരിയുടെ നാടക ചരിത്രത്തെ അധികരിച്ച് പ്രഭാഷണം നടത്തി. യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. മനോജ് നാരായണൻ, അനിൽകുമാർ, സർഗാഷ്മി എന്നിവർ സംസാരിച്ചു.

നാടക സല്ലാപത്തിൽ രഘുനാഥ് പടവ് നേതൃത്വം നൽകി. കോക്കല്ലൂർ സ്കൂളിന്റെ ‘കലാസമിതി , പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിന്റെ ‘കിള്ളി എന്നീ നാടകങ്ങളും അരങ്ങിലെത്തി.