കോഴിക്കോടിന്റെ സ്വന്തം മീശപ്പുലിമല; പൊന്‍കുന്ന് മലയിലെ കാഴ്ചകള്‍ അറിയാം
ട്രക്കിങ് ഇഷ്ടമുള്ളവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പൊന്‍കുന്ന് മല. നിരാശപ്പെടേണ്ടിവരില്ല….
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടം. അപൂര്‍വ്വമായ സസ്യജാലങ്ങളും മനോഹരമായ കാഴ്ചകളും ഒരുക്കിവെച്ചിരിക്കുന്ന ഇടം. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുക്കളില്‍ വിശാലമായി പരന്ന് കിടക്കുന്ന ഒരു കുന്നാണ് പൊന്‍കുന്ന്. കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കൂടിയാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് ഈ മലനിര.
ചെങ്കുത്തായ മലയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ടമലനിരയുമടക്കം ജില്ലയുടെ എല്ലാ ഭാഗങ്ങളും കാണാം. മനോഹരമമായ സൂര്യോദയവും സൂര്യാസ്തമയും കാണാനും ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നു.
കടുത്തവേനലില്‍പ്പോലും ഉറവ വറ്റാത്ത തണ്ണീര്‍ക്കുണ്ട് പൊന്‍കുന്ന് മലയുടെ സവിശേഷതയാണ്. ഇവിടെ നിന്ന് ഉത്ഭവിക്കുന്ന തീര്‍ത്ഥങ്കര നീരുറവ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പ്രധാന ജലസ്രോതസ്സാണ്. ഇവിടെനിന്നുള്ള നീര്‍ച്ചാലുകളാണ് കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്.
കോട പുതച്ച മലനിരയുടെ കാഴ്ചകളാണ് പുലര്‍കാലത്തേത്. മല കയറും തോറും കക്കൂരിന്റെ ആകാശ കാഴ്ച്ചകള്‍ തെളിഞ്ഞ് വരും. കുന്നുകളും വയലുകളും കടന്നുകളും വയലും എന്ന നിലക്ക് ഒരു അടുക്ക് രൂപത്തിലാണ് ഇവിടുത്തെ പ്രകൃതി.
കേരളത്തില്‍ ഏറ്റവുമധികം പക്ഷിയിനങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് പൊന്‍കുന്ന്. ജില്ലയില്‍ ഇത്രയധികം പരുന്തുകളെ കാണാന്‍ കഴിയുന്ന മറ്റൊരു സ്ഥലമില്ല. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വലിയപുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, മേടുുതപ്പി, വെളള അരിവാള്‍ കൊക്കന്‍, ചേരക്കോഴി എന്നിവയൊക്കെ ഇവിടെയുണ്ട്. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍ 140 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. ഇതില്‍ 34 ദേശാടനപക്ഷികളും ഉള്‍പ്പെടും.
ഔഷധ സസ്യങ്ങളുടെ കലവറയുമാണ് ഈ ഇടം. കണ്ണാന്തള്ളി, ചക്കരക്കൊല്ലി, ഒടുമരം, ആലോം തുടങ്ങിയ വിവിധങ്ങളായ മരങ്ങളും ഈ മലമുകളിലുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചെക്ക് ഡാം ഇവിടെ ഇന്നും നിലനിന്ന് വരുന്നു.മഴവെള്ളം തടഞ്ഞ് വച്ച് ഭൂമിക്കടിയിലേക്ക് വിടുന്നതിനാണ് ചെക്ക്ഡാം …
കോഴിക്കോട് ജില്ലയിലെ ഇരുമ്പ് നിക്ഷേപത്തിന്റെ മുഖ്യപങ്കും ഉള്ളത് ചക്കിട്ടപ്പാറയിലും പൊന്‍കുന്നിലുമാണ്. ഈ ഇരുമ്പ് നിക്ഷേപം വമ്പന്‍ കമ്പനികളുടെ കണ്ണുകള്‍ ഇവിടെക്ക് ആണ് ആകര്‍ഷിച്ചിരിക്കുന്നുണ്ട്. ഒരു പക്ഷേ ഖനനാനുമതി ഗവണ്‍മെന്റ് നല്‍കിയാല്‍ പൊന്‍കുന്നിന്റെ തകര്‍ച്ചയും വിദൂരമാവില്ല.
കോഴിക്കോട്-ബാലുശേരി പാതയ്ക്കിടയിലെ കാക്കൂര്‍ പതിനൊന്നേ നാലില്‍ നിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍കുന്നിലെത്താം. ഇതില്‍ പകുതി ഭാഗത്തോളം വാഹനഗതാഗതം സാധ്യമാണ്. ബാക്കിദൂരം ട്രക്കിങ് രീതിയില്‍ നടന്ന് മലമുകളിലെത്താം.