കുറ്റ്യാടിയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ ആത്മഹത്യ; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മൃതദേഹവുമായി പോവുന്ന ആംബുലന്‍സ് രാത്രി 12മണിവരെ തടഞ്ഞു


കുറ്റ്യാടി: ആത്മഹത്യ ചെയ്ത കുറ്റ്യാടി സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പാതിരിപ്പിറ്റ സ്വദേശിയുമായ സുധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ആര്‍ഡിഒ എത്താതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞു. ബഹളങ്ങള്‍ക്കൊടുവില്‍ രാത്രി 12 മണിയോടെ വാഹനം വിട്ടുകൊടുത്തു. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പോലീസുകാര്‍ ഒളിപ്പിച്ചതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഡ്യൂട്ടിക്കിടെ സുധീഷിനെ കാണാതായത്. തുടര്‍ന്ന് പോലീസുകാര്‍ ടൗണില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. വൈകുന്നേരത്തോടെ ടി.ബി റോഡില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.

ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വടകര തഹസില്‍ദാര്‍ ആണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ആര്‍ഡിഓ എത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.കെ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നില്ലെന്ന് അറിയിച്ചു പിന്നീട് പോകാന്‍ അനുവദിക്കുകയായിരുന്നു.