സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്


Advertisement

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്രയ്‌ക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരേയുമാണ് കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisement

മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി.ആര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് വി.ആര്‍ അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement

കോഴിക്കോട് വച്ച് നടന്ന അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിലാണ് വിവാദമായ ദൃശ്യവിഷ്‌കാരം അവതരിപ്പിച്ചത്. തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു ദൃശ്യാവിഷ്‌കാരം.

Advertisement

തുടര്‍ന്ന് ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു. അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

summary: Police registered a case against Mata Perambra in the welcome song controversy at the state school arts festival