മോഷണക്കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കൊയിലാണ്ടി പൊലീസിന്റെ ഊർജസ്വലമായ ഇടപെടല്‍; കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലുമടക്കം മോഷണം നടന്ന സംഭവങ്ങളില്‍ പ്രതികളെ കണ്ടെത്തി പൊലീസ്


കൊയിലാണ്ടി: കഴിഞ്ഞ കുറച്ചുകാലങ്ങളായി കൊയിലാണ്ടി മേഖലയില്‍ നടന്ന വിവിധ മോഷണ സംഭവങ്ങളില്‍ കൃത്യമായ അന്വേഷണങ്ങളിലൂടെ പ്രതികളെ കണ്ടെത്തി പൊലീസ്. കൊയിലാണ്ടി മൈജി ഷോറൂമില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസിലാണ് ഏറ്റവുമൊടുവിലായി പ്രതി കുടുങ്ങിയിരിക്കുന്നത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ മനാസിനെയാണ് പിടികൂടിയിരിക്കുന്നത്. 2024 മെയ് 28നായിരുന്നു കൊയിലാണ്ടി മൈജി ഷോറൂമില്‍ മോഷണം നടന്നത്. ഷോറൂമിന്റെ ഗ്ലാസ് തകര്‍ത്ത് അകത്തുകടന്ന പ്രതി അഞ്ച് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ലാപ്‌ടോപ്പുകള്‍ പ്രതി കോഴിക്കോട് വില്‍ക്കാന്‍ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് എസ്.എച്ച്.ഒ ജിതേഷ് പറഞ്ഞു. മോഷ്ടിച്ച മുതലുകള്‍ പ്രതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊയിലാണ്ടി എസ്.എച്ച്.ഒ ജിതേഷ് കെ.എസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ദിലീപ്, സുരേഷ്, എസ്.സി.പി.ഒമാരായ ബിജു വാണിയംകുളം, പ്രവീണ്‍ ബിനോയ് രവി എന്നിവരടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മൈജിയിലെ മോഷണത്തിന് പുറമേ അടുത്തിടെ കൊയിലാണ്ടി മേഖലയില്‍ നടന്ന മിക്ക കേസുകളിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ജൂലൈ 27ന് ചേമഞ്ചേരി പോസ്റ്റ് ഓഫീസില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കണ്ടെത്തിയിട്ടുണ്ട്. തൊട്ടില്‍പ്പാലം സ്വദേശിയായ കാവിലംപാറ വട്ടിപ്പറ നാലോന്ന് കാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ മറ്റൊരു കേസില്‍ കഴിഞ്ഞദിവസം കാസര്‍കോട് പിടിയിലായിട്ടുണ്ട്. ഈ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രതിയെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കും.

കാഞ്ഞിലശ്ശേരി ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളാണ് പ്രതികള്‍. ഇവര്‍ എറണാകുളത്ത് മറ്റൊരു കേസില്‍ പിടിയിലായിട്ടുണ്ട്.

കൊയിലാണ്ടി വെങ്ങളത്ത് കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തന്നെയാണ് കൊയിലാണ്ടിയിലെ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. കോഴിക്കോട് സിറ്റി പരിധിയില്‍ മറ്റൊരു കേസില്‍ ഇവര്‍ പിടിയിലായിട്ടുണ്ട്.

ആനക്കുളത്തും കൊയിലാണ്ടി സില്‍ക്ക് ബസാറിലും വീടിനകത്തു കയറി മാല കവര്‍ന്ന സംഭവത്തിലെ പ്രതികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഈ കേസുകളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ കൊയിലാണ്ടിയില്‍ തുടര്‍ച്ചയായി മോഷണ സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും പല കേസുകളിലും പ്രതികള്‍ കാണാമറയത്തായിരുന്നു. എന്നാല്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നുണ്ട്.