കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്; ഇനിയും വൈകിയാല്‍ ശക്തമായ പ്രതിഷേധമെന്ന് ജീവനക്കാര്‍


കൊയിലാണ്ടി: കെ.എസ്.ഇ.ബി ജീവനക്കാരനെ ജോലിയ്ക്കിടെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകുന്നതിനെതിരെ ജീവനക്കാര്‍. ജൂണ്‍ ആറിന് ഷാജിയെന്ന ജീവനക്കാരന്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ തന്നെ കെ.എസ്.ഇ.ബി ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് കൊയിലാണ്ടി കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ പ്രശാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി തിരക്കിയിരുന്നു. എന്നാല്‍ സി.ഐ സ്ഥലത്തില്ലെന്നും നടപടി ഉടന്‍ ഉണ്ടാകുമെന്നുമാണ് അദ്ദേഹത്തെ അറിയിച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസില്‍ നിന്നും ഉടന്‍ നടപടിയുണ്ടാകുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയറില്‍ നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനിപ്പുറവും കേസെടുക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച തുടര്‍നടപടികള്‍ ആലോചിച്ച് മുന്നോട്ടുപോകുമെന്നാണ് എ.ഇ പറയുന്നത്.

അതേസമയം, മൊഴിയെടുക്കാനായി പരാതിക്കാരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം മൊഴി തരാത്തതിനാലാണ് നടപടികള്‍ വൈകുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.