തിക്കോടിയിലെ വിദ്വേഷ പരാമാര്‍ശം; സി.പി.ഐ.എം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് നല്‍കി


തിക്കോടി: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് നല്‍കി. ഭാരതീയ ന്യായ സംഹിത പ്രകാരം 351(3) 192, വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ബിജുകളത്തില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേസിന്റെ അടിസ്ഥാനത്തില്‍ പോലീസ് നോട്ടീസ് നല്‍കുകയാണുണ്ടായതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിജു കളത്തില്‍ പറഞ്ഞു. മുസ്ലീം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പുതിയപുരയില്‍ കുഞ്ഞമ്മദിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

എത്തിയത് ബൈക്കുകളില്‍, കൊടികള്‍ നശിപ്പിച്ചശേഷം സ്ഥലംവിട്ടു; തിക്കോടിയില്‍ സി.പി.ഐ.എം പതാകകള്‍ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. തിക്കോടി കോടിക്കല്‍ കുറ്റിവയലില്‍ പ്രദേശത്ത് സി.പി.ഐ.എം സ്ഥാപിച്ച 24ഓളം പതാകകള്‍ നശിപ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധ യോഗത്തിലാണ് വിദ്വേഷ പരാമര്‍ശം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുകണ്ടത്തില്‍ റയീസ്, സലാം തെക്കെ കടപ്പുറ്റം, മുഹാദ് പൊയിലില്‍ എന്നിവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കെതിരെ കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.