കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യം, പ്രചോദനമായത് സീരിയൽ കില്ലറയുടെ കഥ പറയുന്ന സിനിമ; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്
തലശ്ശേരി: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്നും ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത്കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.
പൊന്നാനി സ്വദേശി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയല്‍വാസിയുടെ സാക്ഷിമൊഴിയും നിര്‍ണായകമായി. സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി.
കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്ബാനും സഹായിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.