മേപ്പയ്യൂർ പുറക്കാമല സമരത്തിനിടെ വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ച സംഭവം; റിപ്പോർട്ട് തേടി കോഴിക്കോട് റൂറൽ എസ്പി
മേപ്പയ്യൂര്‍: പുറക്കാമലയില്‍ രണ്ട് ദിവസം മുൻപ് നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പി റിപ്പോർട്ട് തേടി. പേരാമ്പ്ര ഡിവൈഎസ്പിയോടാണ് റിപ്പോർട്ട് തേടയത്. നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്തെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയ്ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടെന്നും അതിനാല്‍ ഇന്നലെ പത്താംക്ലാസ് പരീക്ഷയെഴുതയിന് പിന്നാലെ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. സമരം നടക്കുന്ന സമയത്ത് കാഴ്ചക്കാരനായി എത്തിയതാണ് കുട്ടിയെന്നും യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ പൊലീസ് കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പിതാവ് നൗഷാദ് പരാതി നൽകിയത്. ഇതിന്റെ വീഡിയോ ഉൾപ്പടെ പുറത്ത് വന്നിരുന്നു.
പുറക്കാമലയില്‍ വന്‍ പോലീസ് സന്നാഹത്തില്‍ ഖനനം നടത്താനെത്തിയ ക്വാറി സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വലിയ ജനക്കൂട്ടം തടയുകയായിരുന്നു. ഖനനം നടത്താന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞിട്ടു തിരിച്ചയച്ചു.പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകരായ സ്ത്രീകളെ അറസ്റ്റു ചെയ്യാനുള്ള പുരുഷ പോലീസുകാരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.
Description: Police beat up student during Purakamala protest; Kozhikode Rural SP seeks report