ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരുടെ ബാഗ് തട്ടിപ്പറിക്കുന്നത് പതിവാക്കി; പിടിയിലാകുമെന്നായപ്പോള്‍ കോഴിക്കോട് കസബ എസ്.ഐയെയും ഡ്രൈവറെയും ആക്രമിച്ച കുറ്റ്യാടി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: രാത്രിയില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പിടിക്കാനെത്തിയ എസ്.ഐയെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി മൊകേരി സ്വദേശി കോണോട്ടിന്‍ ചാലില്‍ വിപിന്‍ (30), മലാപ്പറമ്പ് തറക്കണ്ടത്തില്‍ ടി.കെ.ഷഹാബിന്‍ (32) എന്നിവരെ കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പരുക്കേറ്റ കസബ എസ്‌ഐ എസ്. അഭിഷേക്, പൊലീസ് ഡ്രൈവര്‍ മുഹമ്മദ് സക്കറിയ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയുടെ കൈയ്ക്കും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ചിന്താവളപ്പ് പൂന്താനം ജങ്ഷനിലായിരുന്നു ഇവര്‍ നിലയുറപ്പിച്ചത്. രാത്രി എട്ടുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ ഈ ഭാഗത്ത് സ്വകാര്യ ബസുകള്‍ യാത്രക്കാരുമായി എത്താറുണ്ട്. ഇവിടെ എത്തുന്ന യാത്രക്കാരുടെ ബാഗുകളും വസ്തുക്കളും മോഷ്ടിക്കുന്നതും യാത്രക്കാരെ ശല്യം ചെയ്യുന്നതും സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കസബ എസ്.ഐ പൊലീസ് വാഹനത്തില്‍ പരിശോധനയ്ക്ക് എത്തിയത്. ഇടവഴിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് പൊലീസ് കാര്യം തിരക്കിയപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് വാഹനത്തിനടുത്ത് കൊണ്ടുപോയി ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.