മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ് വാനില്‍ താമരശ്ശേരിയിലെത്തി ; സംശയം തോന്നി പൊലീസ് പരിശോധന, ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍


താമരശ്ശേരി: മലപ്പുറത്ത് നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പിക്അപ് വാനില്‍ പോവുകയായിരുന്ന യുവാക്കളെ പിടികൂടി താമരശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കളാണ് താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ പിടിയിലായത്.

ബാലുശ്ശേരി സ്വദേശി വീരന്‍, മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടപ്പോള്‍ പിക് അപ് വാനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്താനാണ് ഇവരെത്തിയതെന്ന് മനസിലായത്.

മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായാണ് ഇവര്‍ കോഴിക്കോടെത്തിയത്. പരിശോധനയില്‍ ഇവരുടെ വാഹനത്തില്‍ നിന്നും വെല്‍ഡിംഗ് മെഷീന്‍, പമ്ബു സെറ്റുകള്‍, വാഹനങ്ങളുടെ റേഡിയേറ്റര്‍, സ്പാനര്‍, സ്‌ക്രൂ ഡ്രൈവര്‍ തുടങ്ങിയവ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മലപ്പുറത്ത് നിന്നും മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് വ്യക്തമായത്.