”എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനോട് മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനം നിഷ്‌കളങ്കമായി കാണാനാവില്ല’ ; കൊയിലാണ്ടി ഗുരുദേവ കോളേജ് പരിസരത്ത് നടന്ന വിദ്യാര്‍ഥി പ്രതിരോധത്തില്‍ പി.എം.ആര്‍ഷോ
കൊയിലാണ്ടി: കേരളത്തിലാകെയുള്ള ക്യാമ്പുകളിലായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളോട് ഇവിടുത്തെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനം നിഷ്‌കളങ്കമായ ഇടപെടലായി കാണാന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എസ്.എഫ്.ഐയ്‌ക്കെതിരായ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ കൊയിലാണ്ടി ഗുരുദേവാ കോളേജ് പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തും നാദാപുരത്തും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച സംഭവങ്ങളുണ്ടായപ്പോള്‍, സോഷ്യല്‍ മീഡിയകളിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിച്ചപ്പോള്‍ ഇതുസംബന്ധിച്ച് ഒരുവരി വാര്‍ത്തപോലും നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. എന്നാല്‍ എസ്.എഫ്.ഐയുടെ ഏതെങ്കിലും നേതാവിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത്, സംഘടനയുടെ ഭാഗത്തുനിന്നും ഏതെങ്കിലും പ്രതിരോധ ശ്രമങ്ങളുണ്ടാവുമ്പോള്‍ ആ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അന്തിചര്‍ച്ച നടത്തുകയാണ് ചാനലുകാരും പത്രങ്ങളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”ആയുധങ്ങള്‍ ഉപയോഗപ്പെടുത്തി എസ്.എഫ്.ഐയെ അക്രമിക്കാന്‍ വേണ്ടിയുള്ള വളരെ വിപുലമായ ശ്രമം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. ക്യാമ്പസിനകത്താകെ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയമെന്ന പരമ്പര ചെയ്യുന്നതിനുവേണ്ടി വലതുപക്ഷ മാധ്യമങ്ങളുള്‍പ്പെടെ സഹായത്തിനുണ്ട് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് ഇടപെടലുണ്ടാവുകയാണ്്. നാദാപുരത്ത് എസ്.എഫ്.ഐ നേതാവിനെ ക്യാമ്പസിനകത്ത് അധ്യാപകര്‍ നോക്കിനില്‍ക്കെ വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പല മാധ്യമങ്ങള്‍ക്കും എത്തിച്ചുകൊടുത്തിട്ട് അതിനോട് ഈ നാട്ടിലെ മാധ്യമങ്ങള്‍ പുലര്‍ത്തിയ മൗനം നിഷ്‌കളങ്കമായിട്ടുള്ള ഇടപെടലല്ല.” എന്നായിരുന്നു ആര്‍ഷോയുടെ വാക്കുകള്‍
”ആര്‍ജവമുണ്ടെങ്കില്‍ വലതുപക്ഷ മാധ്യമങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ തയ്യാറാകണം. വിദ്യാര്‍ഥികള്‍ക്കിടയിലേക്കിറങ്ങി കൈവിറക്കാതെ നാവുകുഴയാതെ എന്താണ് എസ്.എഫ്.ഐയെന്ന് കേരളത്തിലെ വിദ്യാര്‍ഥികളോട് ചോദിച്ചുനോക്കൂ. അവര്‍ പറഞ്ഞുതരും. പോരായ്മകള്‍ സംഭവിച്ചാല്‍, തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തല്‍ വരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. ” എന്നും അദ്ദേഹം പറഞ്ഞു.
എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് എസ്.എഫ്.ഐ പ്രയാണം ആരംഭിച്ച് ഒരു ഘട്ടത്തിലേക്കെത്തുമ്പോള്‍ വലതുപക്ഷ രാഷ്ട്രീയത്തെ കേരളത്തിലെ ക്യാമ്പസുകളാകെ തള്ളിപ്പറഞ്ഞ്, വലതുപക്ഷത്തിന്റെ അടിത്തറ ക്യാമ്പസില്‍ ഇളകിയ ഘട്ടം മുതല്‍ ആരംഭിച്ചതാണ് മാധ്യമങ്ങളുടെ ഈ ആക്രമണം. അന്ന് പത്രമാധ്യമങ്ങളാണ് എസ്.എഫ്.ഐയ്‌ക്കെതിരെ എഴുതിപടച്ചത്. വലിയ പണിയെടുത്ത് എസ്.എഫ്.ഐ തകര്‍ക്കാന്‍ ഇതുകൊണ്ട് സാധ്യമാകുന്നില്ലയെന്നുകണ്ടപ്പോള്‍ അടുത്ത പ്ലാനായി. വിദ്യാര്‍ഥികള്‍ രാഷ്ട്രീയം പറയുന്നത് അപരാധമാണ് എന്ന് പ്രചരിപ്പിച്ചു. ഇന്നും പലതരത്തില്‍ ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആര്‍ഷോ പ്രതികരിച്ചു. ”ഞങ്ങള്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനം നടത്തുന്നതും സമരം നടത്തുന്നതും വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും വിദ്യാര്‍ഥികള്‍ക്കുവേണ്ടി തെരുവില്‍ സമരം ചെയ്യുന്നതുമെല്ലാം ഒരു മാധ്യമ തമ്പുരാന്റെയും ആശിര്‍വാദത്തോടെയല്ല. അത് ഞങ്ങളുടെ ബോധ്യമാണ്. ഞങ്ങളുടെ സംഘടന ഞങ്ങളെ പഠിപ്പിച്ച രാഷ്ട്രീയമാണ്.” എന്നായിരുന്നു ആര്‍ഷോയുടെ വാക്കുകള്‍.
പരിപാടിയില്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എസ്.നവതേജ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് അഭിനവ് അധ്യക്ഷനായിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അനുരാഗ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജാന്‍വി.കെ.സത്യന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ഫര്‍ഹാന്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.