രണ്ട് യുവാക്കളുടെ അറ്റ് വീണ കൈപ്പത്തി അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; വിജയകരമായനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി


കോഴിക്കോട്: രണ്ട് യുവാക്കള്‍ക്ക് പുതുജീവനേകി അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

സംഘര്‍ഷത്തില്‍ വെട്ടേറ്റ തൃശൂര്‍ ചെറുതുരുത്തി നിബിന്റെ (22) വലതുകൈപ്പത്തിയും തടിമില്ലില്‍ ജോലിക്കിടെ അസം ഐനൂര്‍ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂര്‍ണമായും വേര്‍പെട്ടിരുന്നു. ഇത്തരം കേസുകള്‍ തിരിച്ചയച്ചിരുന്ന പതിവുരീതിയില്‍നിന്ന് മാറി വെല്ലുവിളിപോലെ ഏറ്റെടുക്കുകയായിരുന്നു.

അസ്ഥിരോഗ വിഭാഗത്തിന്റെയും അനസ്തേഷ്യ വിഭാഗത്തിന്റെയും കൂട്ടായ സഹകരണത്തോടെ എട്ടുമുതല്‍ 14 മണിക്കൂര്‍വരെ നീണ്ട ശസ്ത്രക്രിയ നടത്തി. വന്‍കിട ആശുപത്രികളില്‍ അഞ്ചുലക്ഷത്തിലേറെ ചെലവുവരുന്ന ശസ്ത്രക്രിയ തികച്ചും സൗജന്യമായാണ് നടത്തിയത്. ആശുപത്രി വിട്ട ഇവര്‍ക്ക് ഫിസിയോതെറാപ്പികൂടി നടത്തിയാല്‍ ഒരു വര്‍ഷത്തിനിടെ കൈകള്‍ 80 ശതമാനം പൂര്‍വസ്ഥിതിയിലാക്കാം.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. എ പി പ്രോംലാല്‍, ഡോ. എന്‍ പ്രവീണ്‍, ഡോ. അനു ആന്റോ കല്ലേരി, ഡോ. കുഞ്ഞി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ലത്തീഫ്, ഡോ. എലിസബത്ത്, ഡോ. അസ്മ, അസ്ഥിരോഗ വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ജേക്കബ് മാത്യു, ഡോ. കെ രാജു, സ്റ്റാഫ് നഴ്‌സുമാരായ അബിജിത്ത്, ഷൈമ എന്നിവര്‍ക്കുപുറമെ ഇരുപതിലേറെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.