പിഷാരികാവില്‍ ഭണ്ഡാരം എണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവം: അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി; ജീവനക്കാരി കുറ്റക്കാരിയെന്നും തുടര്‍ നടപടി സ്വീകരിക്കണമെന്നും ബോര്‍ഡിന്റെ ആവശ്യം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ പണം അപഹരിച്ച സംഭവത്തില്‍ അഭിഭാഷക കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് തള്ളി. വികലമായ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കുറ്റാരോപിതയ്ക്ക് മാത്രമേ ആശ്വാസം ഉണ്ടാവുകയുള്ളൂവെന്ന് ട്രസ്റ്റി ബോര്‍ഡ് യോഗം വിലയിരുത്തി.
ഭക്തന്മാര്‍ നല്‍കുന്ന കാണിക്കപ്പണം മോഷ്ടിക്കുന്നത് ക്ഷേത്ര വിശ്വാസികള്‍ക്ക് അനുയോജ്യം അല്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ വാഴയില്‍ ബാലന്‍നായര്‍ (ചെയര്‍മാന്‍) അധ്യക്ഷനായിരുന്നു. ട്രസ്റ്റിമാരായ കീഴയില്‍ ബാലന്‍, ഇളയിടത്ത് വേണുഗോപാല്‍, പുനത്തില്‍ നാരായണന്‍ കുട്ടിനായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, എരോത്ത് ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
18.3.2021 ല്‍ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണിയിരുന്നു. ആ സമയത്ത് ക്ഷേത്രത്തിലെ ജീവനക്കാരി പണം അപഹരിച്ചെന്നായിരുന്നു പരാതി. സംഭവത്തിന് ദൃക്‌സാക്ഷികളായ മൂന്ന് ജീവനക്കാരികള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരിയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ഭാഗമായ കമ്മീഷന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണവും ജീവനക്കാരിയ്‌ക്കെതിരായ ആരോപണം ശരിവെക്കുന്നതായിരുന്നു. എന്നാല്‍ ജീവനക്കാരിയ്‌ക്കെതിരെ തുടര്‍നടപടികളുണ്ടായില്ല.
ഇതിനിടെയാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അന്വേഷണത്തിനായി അഭിഭാഷക കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ അന്വേഷണം പ്രഹസനമാണെന്നും ജീവനക്കാരിയെ സംരക്ഷിക്കാനാണെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമായിരുന്നു. ഇതിനിടയിലാണ് അടുത്തിടെ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ബോര്‍ഡിനു മുമ്പാകെ വെയ്ക്കുകയും ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ഹാജരായ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും റിപ്പോര്‍ട്ട് തള്ളുകയും ജീവനക്കാരിയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കാതെ യോഗം പിരിയുകയായിരുന്നു.
എക്‌സിക്യുട്ടീവ് ഓഫീസറുടെ ഈ നടപടി ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡ് യോഗത്തിന് മുമ്പ് ജീവനക്കാരിക്ക് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബോര്‍ഡ് യോഗം ചേര്‍ന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളാന്‍ തീരുമാനിച്ചത്.