പിഷാരികാവില്‍ കാണിക്കപ്പണം മോഷ്ടിച്ച സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചെന്ന പരാതിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

ജീവനക്കാരി പണം എടുക്കുന്നതിന് മൂന്ന് ദൃക്‌സാക്ഷികളുള്ള സാഹചര്യത്തില്‍ അവര്‍ കുറ്റം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്രത്തില്‍ ദിവസവേതത്തിന് ജോലി ചെയ്യുന്ന സ്ത്രീയും ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുമ്പോള്‍ കൂലിക്ക് വെച്ച സ്ത്രീകളും ജീവനക്കാരി പണം എടുക്കുന്നത് കണ്ടുവെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഭണ്ഡാരം എണ്ണുമ്പോള്‍ അഞ്ഞൂറ് രൂപയുടെ നോട്ട് കയ്യില്‍ മറച്ച് പിടിച്ച ജീവനക്കാരി അത് പിന്നീട് സാരിക്കുള്ളില്‍ തിരുകുന്നതായി കണ്ടുവെന്നാണ് സാക്ഷിമൊഴി. സി.സി.ടി.വി പരിശോധിച്ചതില്‍ ജീവനക്കാരിയെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണിപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 മാര്‍ച്ച് 27നാണ് റിപ്പോര്‍ട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.

2021 മാര്‍ച്ച് 18നാണ് പിഷാരികാവിലെ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുമ്പോള്‍ ജീവനക്കാരി പണം മോഷ്ടിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് ജീവനക്കാരിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുള്‍പ്പെട്ട കമ്മീഷന്‍ അന്വേഷണം നടത്തുകയും ജീവനക്കാരിയ്‌ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ അന്വേഷണം നടന്നത്.

പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തിനിപ്പുറവും ജീവനക്കാരിയ്‌ക്കെതിരെ നടപടിയെടുക്കാത്തത് ക്ഷേത്രം ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജീവനക്കാരിയെ സംരക്ഷിക്കാനാണ് നടപടി നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം.