പിഷാരികാവ് ക്ഷേത്രത്തിലെ മാരാമത്ത് പ്രവർത്തികളുടെ മറവിൽ ക്ഷേത്ര വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ട്രസ്റ്റി ബോർഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന്‌ ക്ഷേത്ര ക്ഷേമ സമിതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മാരാമത്ത് പ്രവർത്തികളുടെ മറവിൽ കേട്ടുകേൾവി പോലും ഇല്ലാത്ത വിധം ക്ഷേത്ര വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ട്രസ്റ്റി ബോർഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി. ”വികസന പ്രവർത്തനങ്ങൾക്കുള്ള നവീകരണ നിധി എന്ന പേരിൽ ഭക്ത ജനങ്ങളുടെ മേൽ വൻ സാമ്പത്തിക ഭാരം അടിച്ചേല്പിക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധവും, സാമാന്യ നീതിയുടെ ലംഘനവുമാണ്. ക്ഷേത്രാചാരപ്രകാരം ഭഗവതിക്ക് വഴിപാടുകൾ കഴിപ്പിക്കാനുള്ള ഭക്തരുടെ അവകാശം നിഷേധിക്കുന്നതും വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമായ തികച്ചും അശാസ്ത്രീയവും, വിചിത്രവുമായ നടപടി ക്ഷേത്രത്തെ തന്നെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണന്നും” യോഗം അഭിപ്രായപ്പെട്ടു.

വഴിപാടുകള്‍ക്കുള്ള പ്രസാദങ്ങള്‍ തയ്യാറാക്കുന്നതിനാവശ്യമായി വസ്തുക്കളുടെ വിലയുടെയോ മറ്റു ചെലവുകളുടെയോ അടിസ്ഥാനത്തിലോ, എന്തെങ്കിലുമൊരു പൊതുമാനദ്ധണ്ഡത്തിന് വിധേയമായോ അല്ലാതെ യാതൊരു നീതികരണവുമല്ലാത്ത വിധം വര്‍ദ്ധനവാണ് നടത്തിയിട്ടുള്ളതെന്നും, അതിനാല്‍ വഴിപാട് നിരക്ക് മൂന്നിരട്ടി മുതല്‍ നൂറിരട്ടി വരെ അശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുന്നതും, ക്ഷേത്ര നവീകരണ പ്രവര്‍ത്തികള്‍ മുന്‍കാലങ്ങളിലെന്ന പോലെ ഭക്തജന പങ്കാളിത്തതോടെ നടപ്പിലാക്കാന്‍ കഴിയുമെന്നിരിക്കേ, അന്യായമായും, നിയമ വിരുദ്ധമായും ക്ഷേത്ര വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നവീകരണ നിധി പിന്‍വലിക്കണമെന്നും ക്ഷേത്ര സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന് കമ്മിറ്റി പരാതിയും നല്‍കി.

ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ച് ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തില്‍ നിന്ന് ട്രസ്റ്റി ബോര്‍ഡ് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഭക്ത ജന സമിതിയും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെയാണ്‌ പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടത്‌.

100 രൂപ ഈടാക്കി നടത്തിയിരുന്ന ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് പതിനായിരം രൂപയാണ് പുതുക്കിയ നിരക്കായി കരട് പട്ടികയില്‍ പറഞ്ഞിരിക്കുന്നത്. വിഗ്രഹത്തിന് ഒരു പൊട്ട് കുത്തുക മാത്രമാണ് ചെയ്യുന്നത്. 3001 രൂപയ്ക്ക് നടത്തിയിരുന്ന വലിയ വട്ടളം ഗുരുതിയ്ക്ക് 6999 രൂപ വര്‍ധിപ്പിച്ച് 10000 രൂപയാക്കാനാണ് ആലോചിക്കുന്നത്. ദിവസപൂജയ്ക്കും ചുറ്റുവിളക്കിനും നിറമാലയ്ക്കും 5001 രൂപയെന്നതില്‍ നിന്നും പതിനായിരം രൂപയിലേക്ക് വര്‍ധിപ്പിക്കാനാണ് നീക്കം.

യോഗത്തിന്‌ പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, അഡ്വ.ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ, പി. വേണു , എൻ.വി. വത്സൻ, എൻ.എം.വിജയൻ, വി.കെ.ദാമോദരൻ, വി.കെ.അനൂപ് എന്നിവർ സംസാരിച്ചു.