പെരുവട്ടൂരില്‍ ട്രാന്‍സ്‌ഫോമറിന് തൊട്ട് മുമ്പില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളകെട്ട്; റോഡ് അപകട ഭീഷണിയില്‍
പെരുവട്ടൂര്‍: പെരുവട്ടൂരില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത് റോഡിനും ഇതുവഴിയുള്ള വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പെരുവട്ടൂര്‍ ടൗണില്‍ നിന്നും മുത്താമ്പിക്ക് പോകുന്ന വഴിയില്‍ ട്രാന്‍സ്‌ഫോമറിന് തൊട്ടുമുമ്പിലായാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് പടരുന്നത്.
വലിയ തോതില്‍ വെള്ളം പാഴായിപ്പോകുന്ന അവസ്ഥയാണ് നിലവില്‍. കൂടാതെ ഏറെക്കാലം ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകിയാല്‍ റോഡ് താഴ്ന്ന് പോകാനും ഇതുവഴിയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. ട്രാന്‍സ്‌ഫോമറിന് തൊട്ടുമുമ്പിലാണ് ഈ വെള്ളക്കെട്ടെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്ക് പലതവണ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കുറച്ചുകാലം മുമ്പും ഇതേ സ്ഥലത്ത് ഈ രീതിയില്‍ വെള്ളം ചോരുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചോര്‍ച്ച കണ്ടിരുന്നില്ല. മഴക്കാലമായതോടെ വീണ്ടും വെള്ളം ലീക്കാവുന്ന സ്ഥിതിയായെന്നും അവര്‍ പറഞ്ഞു. ഇതിനടുത്തായി വെള്ളം വലിയ തോതില്‍ ഒഴുകിപ്പോകുന്ന ഓവുപാലമുണ്ട്. മഴക്കാലങ്ങളില്‍ വലിയ തോതില്‍ വെള്ളം നില്‍ക്കുന്ന പ്രദേശമാണിതെന്നും ജിഷ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. മഴക്കാലമായതിനാലും താഴ്ന്ന പ്രദേശമായതിനാലും ഈ സമയത്ത് ഇവിടെ നിന്നും മണ്ണ് മാറ്റി പൈപ്പ് പരിശോധിക്കുന്നത് പ്രായോഗികമല്ല. അടുത്ത് ട്രാന്‍സ്‌ഫോമറുള്ളതിനാല്‍ വലിയ കുഴിയെടുത്ത് മണ്ണ് മാറ്റി പൈപ്പ് പരിശോധിക്കാനാവില്ലെന്നും മഴ മാറിയശേഷം പ്രശ്‌നം പരിഹരിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഇതുവഴി ജലം വിതരണം ചെയ്യുന്ന വാള്‍വ് അടച്ചിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ വെള്ളം ഇപ്പോഴും പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയാണ്.
നേരത്തെ മുത്താമ്പി വൈദ്യരങ്ങാടിയിലും അരിക്കുളത്തും പെരുവട്ടൂരില്‍ ഇതിനടുത്തായുള്ള രണ്ടിടങ്ങളിലും സമാനമായ രീതിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്ന സ്ഥിതിയുണ്ടായിരുന്നു. ജൂലൈ പകുതിയോടെയാണ് മുത്താമ്പിയിലെ ഈ പ്രശ്‌നം പരിഹരിച്ചത്. രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് ഇത്തരത്തില്‍ പലയിടങ്ങളിലും പൊട്ടി വെള്ളം ലീക്കാവുന്ന സ്ഥിതിയുണ്ടാവുന്നത്. കോടികള്‍ മുടക്കി നവീകരിച്ച റോഡിന് അടിയിലൂടെയാണ് പൈപ്പുകള്‍ പോകുന്നതെന്നതിനാല്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് റോഡിന്റെ സുരക്ഷിതത്വത്തെക്കൂടി ബാധിക്കുന്നു.
പൈപ്പുകള്‍ യോജിപ്പിക്കുന്നത് റബ്ബര്‍ റിങ്ങിട്ട് കുടുക്കിയാണെന്നും ഈ റിങ് പൊട്ടുന്നത് ലീക്കിന് കാരണമാകുന്നുണ്ടെന്നുമാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. അതേസമയം പൈപ്പിന്റെ ഗുണമേന്മയില്ലായ്മ മുതല്‍ പ്രവൃത്തി നടത്തിയതിലെ പോരായ്മവരെ വെള്ളം ലീക്കാവാന്‍ കാരണമാകുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.