വണ്‍ഡേ ട്രിപ്പിന് പോകാം പെരുവണ്ണാമൂഴിയിലേക്ക്; ആസ്വദിക്കാം പശ്ചിമഘട്ടത്തിന്റെയും അണക്കെട്ടിന്റെയും ഭംഗിയും ബോട്ട് യാത്രയും


പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പെരുവണ്ണാമൂഴി. പശ്ചിമഘട്ടത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് പെരുവണ്ണാമൂഴിയുള്ളത്. അണക്കെട്ട്, റിസര്‍വോയര്‍, കുട്ടികളുടെ പാര്‍ക്ക്, മലബാര്‍ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളര്‍ത്തല്‍ കേന്ദ്രം, സോളാര്‍ ബോട്ട് സര്‍വ്വീസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

പെരുവണ്ണാമൂഴി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഈ അടുത്തകാലത്താണ് ഇവിടെ കുട്ടികളുടെ പാര്‍ക്കും സോളാര്‍ ബോട്ട് സര്‍വ്വീസും ആരംഭിച്ചത്. ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ആണ് സോളാര്‍ ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ ഇന്റര്‍പ്രെറ്റേഷന്‍ സെന്റര്‍, ടിക്കറ്റ് കൗണ്ടര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, ലാന്റ് സ്‌കേപ്പിങ്, പൂന്തോട്ടം, ടൈല്‍ പാകിയ നടപ്പാതകള്‍, ഗേറ്റ് നവീകരണം, വൈദ്യുത വിളക്കുകള്‍, വാഹന പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവ ഇവിടെയെത്തുന്ന സഞ്ചാരികളുടെ സൗകര്യത്തിനുവേണ്ടി ഒരുക്കിയിട്ടുണ്ട്.

കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പെരുവണ്ണാമൂഴി അണക്കെട്ടും ഡാമിന്റെ റിസര്‍വോയറുമാണ് ഇവിടുത്തെ ആകര്‍ഷകമായ കാഴ്ചകളിലൊന്ന്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലായാണ് ഇതിന്റെ റിസര്‍വോയറുള്ളത്. ആളുകള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദ്വീപുകളാണ് ജലസംഭണിയുടെ മറ്റൊരു ആകര്‍ഷണം. ഈ ദ്വീപുകളില്‍ ഒന്നിലാണ് പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷിസങ്കേതമുള്ളത്.

പെരുവണ്ണാമൂഴി മുതല വളര്‍ത്തു കേന്ദ്രമാണ് ഇവിടെ എത്തിയാല്‍ കാണേണ്ട മറ്റൊരു കാഴ്ച. കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഒരു പൂന്തോട്ടവും ഇതിന്റെ പരിസരത്തുണ്ട്. സ്മാരക തോട്ടം എന്നാണിത് അറിയപ്പെടുന്നത്.

കേരളത്തില്‍ ഏറ്റവും പുതുതായി രൂപംകൊണ്ട വന്യജീവി സങ്കേതങ്ങളിലൊന്നായ മലബാര്‍ വന്യജീവി സങ്കേതം പെരുവണ്ണാമൂഴിയോടുും കക്കയത്തോടും ചേര്‍ന്നാണ് ഉള്ളത്. 54 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ വ്യത്യസ്തങ്ങളായ ഒരുപാട് ജീവിവര്‍ഗ്ഗങ്ങളുണ്ട്. ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ സൈ്വര്യവിഹാരം നടത്തുന്ന ഇടംകൂടിയാണിത്.

റിസര്‍വോയറിലൂടെയുള്ള ബോട്ട് യാത്ര ഏറെ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒന്നാണ്. ഇരുപത് പേര്‍ക്കും പത്തുപേര്‍ക്കും സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളാണ് ഇവിടെയുള്ളത്. അരമണിക്കൂറില്‍ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാം. ഇതിനായി 150 രൂപ ഒരാള്‍ നല്‍കണം. കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുമുണ്ട്. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ട് സര്‍വ്വീസ് നടത്തുന്നത്.

ചുരുക്കത്തില്‍ ഒരു ദിവസം രാവിലെ എത്തിയാല്‍ വൈകുന്നേരം വരെ സമയം ചെലവിടാനും മനസുനിറയെ കാഴ്ചകള്‍ കാണാനും പറ്റിയ ഒരിടമാണിത്.