പേരാമ്പ്രയിലെ ടൈഗര്‍ സഫാരി പാര്‍ക്ക് ഒരുങ്ങുന്നത്‌ ബാംഗ്ലൂരിലെ ബന്നേര്‍ഘട്ട മോഡലില്‍; ചുറ്റിലും വലിയ മതിലും കൂറ്റൻ ഇരുമ്പു വേലിയും കെട്ടി കടുവകളെ തുറന്ന് വിടും


പേരാമ്പ്ര: 100 ഏക്കർ ഭൂമിയിൽ പേരാമ്പ്രയിൽ പദ്ധതിയിടുന്നത് ചുറ്റുമതിലോട് കൂടിയ ടൈഗർ സഫാരി പാർക്ക് എന്ന് വനം വകുപ്പ് . ബംഗളൂരുവിലെ ബന്നേർഘട്ട സഫാരി പാർക്കിന്റെ മാതൃകയിൽ തിരഞ്ഞെടുക്കുന്ന ഭൂമിയുടെ ചുറ്റിലും വലിയ മതിലും കൂറ്റൻ ഇരുമ്പു വേലിയും കെട്ടിത്തിരിച്ച് അതിനുള്ളിൽ കടുവകളെ തുറന്നു വിടുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമി സംബന്ധിച്ച് അന്തിമ തീരുമാനം എടുത്താൽ പദ്ധതിരേഖ തയ്യാറാക്കും.

കടുവാ സങ്കേതം പോലെ തുറന്ന കാട് അല്ല ഇത്. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനൊപ്പം വേട്ടയാടാൻ കഴിയാതെ നാട്ടിലിറങ്ങുന്ന കടുവകളിൽ സ്ഥിരമായി സംരക്ഷിക്കാനുള്ള ഒരു മാർഗം കൂടിയാവും ടൈഗർ സഫാരി പാർക്ക്. കടുവകളെ തിരികെ കാട്ടിൽ വിടാൻ കഴിയില്ല വിട്ടാൽ അവ ഇര തേടി വീണ്ടും നാട്ടിൽ ഇറങ്ങാനും പ്രശ്നമുണ്ടാക്കാനും ആരംഭിക്കും ഇത്തരത്തിൽ സംരക്ഷിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കടുവ സഫാരി പാർക്ക് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്നെങ്കിലും ഭാവിയിൽ ഇത് കടുവ സങ്കേതമായി മാറുമോ അതിനുചുറ്റും ബഫർസോൺ എന്ന പേരിൽ വീണ്ടും ഭൂമി ഏറ്റെടുക്കുമോ എന്നൊക്കെയുള്ള ആശങ്ക പ്രദേശവാസികൾക്കുണ്ട്.

ബംഗളൂരുവിലെ ബന്നേർഘട്ടയിൽ ദേശീയ ഉദ്യാനത്തോടെ ചേർന്നുള്ള 122 ഏക്കർ സ്ഥലത്താണ് സഫാരി പാർക്ക് പ്രവർത്തിക്കുന്നത് സിംഹം, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങളെ അവിടെ തുറന്നു വിട്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടച്ചുറപ്പുള്ള ജീപ്പ്, ബസ് എന്നിവയിൽ സഞ്ചരിച്ചു കൊണ്ട് ഇതിനുള്ളിലെ മൃഗങ്ങളെ അടുത്തു കാണാം. പേരാമ്പ്രയിൽ ടൈഗർ സഫാരി പാർക്ക് വരുന്നതിലൂടെ പ്രാദേശിക വികസനവും തൊഴിൽ സാധ്യതയും വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കാം.